30 കോടി രൂപയുടെ തട്ടിപ്പ്; ആക്രി വ്യാപാരിയെ അറസ്റ്റ് ചെയ്ത് ജിഎസ്ടി സംഘം

30 കോടി രൂപയുടെ തട്ടിപ്പ്; ആക്രി വ്യാപാരിയെ അറസ്റ്റ് ചെയ്ത് ജിഎസ്ടി സംഘം

Update: 2025-01-08 02:17 GMT

കൊച്ചി: ആക്രി വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയ വ്യാപാരിയെ സംസ്ഥാന ജി.എസ്.ടി. വകുപ്പ് അറസ്റ്റ് ചെയ്തു. പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശ്ശി പുത്തന്‍പീടിക വീട്ടില്‍ നാസറാണ് ജി.എസ്.ടി. വകുപ്പിന്റെ പിടിയിലായത്. ഏകദേശം 200 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതില്‍ 30 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയത്.

എണ്‍പതോളം വ്യാജ രജിസ്‌ട്രേഷനുകള്‍ നിര്‍മിച്ച് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാള്‍ നികുതി വെട്ടിച്ചിരുന്നത്. അന്വേഷണത്തില്‍ ഇടപ്പള്ളി അമൃത ആശുപത്രിയുടെ റിസപ്ഷന്‍ ലോഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരില്‍ പോലും വ്യാജരേഖകള്‍ ചമച്ച് രജിസ്‌ട്രേഷനുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഒരു വര്‍ഷമായി ഇയാളുടെ പാലക്കാട് ഓങ്ങല്ലൂരിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ നാസറിന്റെ വസതിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം തേവരയിലെ ജി.എസ്.ടി. ഓഫീസില്‍ ചോദ്യം ചെയ്യല്‍ രാത്രിയിലും തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം മേയില്‍ സംസ്ഥാന വ്യാപകമായി ആക്രി സ്ഥാപനങ്ങളില്‍ 'ഓപ്പറേഷന്‍ പാംട്രി' എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ ആയിരം കോടി രൂപയോളം നികുതിവെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നാസറിന്റെ അറസ്റ്റും. ആക്രി കേസുകളില്‍ ഇത് നാലാമത്തെ അറസ്റ്റാണ്.

Tags:    

Similar News