കവുങ്ങ് മുറിക്കുന്നതിനിടെ പിളര്‍ന്ന് ഒരുഭാഗം കഴുത്തില്‍ കുത്തിക്കയറി; നെയ്യാറ്റിന്‍കരയില്‍ യുവാവിന് ദാരുണാന്ത്യം

കവുങ്ങ് മുറിക്കുന്നതിനിടെ പിളര്‍ന്ന് ഒരുഭാഗം കഴുത്തില്‍ കുത്തിക്കയറി; നെയ്യാറ്റിന്‍കരയില്‍ യുവാവിന് ദാരുണാന്ത്യം

Update: 2025-01-09 02:30 GMT

നെയ്യാറ്റിന്‍കര: കവുങ്ങ് മുറിക്കുന്നതിനിടെ മരം പിളര്‍ന്ന് ഒരുഭാഗം കഴുത്തില്‍ കുത്തിക്കയറി യുവാവ് അതി ദാരുണമായി മരിച്ചു. പെരുമ്പഴുതൂര്‍, ചെമ്മണ്ണുവിള, പരപ്പിന്‍തല പുത്തന്‍വീട്ടില്‍ പരേതനായ മധുവിന്റെയും സുധയുടെയും മകന്‍ മഹേഷ്(30) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിലെ കവുങ്ങ് മുറിക്കുന്നതിനിടെബുധനാഴ്ച രാവിലെ 11.30-ഓടെയാണ് അപകടം.

മഹേഷിന്റെ സുഹൃത്തായ പുന്നയ്ക്കാട്, പൂകൈത, പദ്മവിലാസത്തില്‍ ഹരിയുടെ വീട്ടുവളപ്പിലായിരുന്നു അപകടം. പ്ലംബറും ഇലക്ട്രീഷ്യനുമാണ് മഹേഷ്. സുഹൃത്ത് ഹരിയുടെ വീട്ടിലെ കവുങ്ങ് മുറിക്കാനായി മഹേഷ് മരത്തില്‍ കയറി. ഇരുപതടിയോളം മുകളില്‍വെച്ച് കവുങ്ങ് മുറിച്ചു തുടങ്ങി. ഇതിനിടെ മരം രണ്ടായി പിളര്‍ന്നു. ഇതില്‍ ഒരുഭാഗം ഒടിഞ്ഞു താഴേക്കു മറിയുന്നതിനിടെ മഹേഷിന്റെ കഴുത്തില്‍ തുളച്ചുകയറി. തടിക്കൊപ്പം മഹേഷും താഴേക്കുവീണു. ഉടനെ സുഹൃത്തും വീട്ടുകാരും മഹേഷിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കവുങ്ങ് പിളര്‍ന്നതിനെ തുടര്‍ന്ന് മൂട്ടില്‍നിന്ന് പത്തടിയോളം ഉയരത്തില്‍വെച്ച് ഒടിഞ്ഞുവീഴുകയും ചെയ്തു. രാവിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ മഹേഷ് ആദ്യം മറ്റൊരു കവുങ്ങില്‍ കയറി അടയ്ക്കാ പറിച്ചു. ഇതിനുശേഷമാണ് അപകടമുണ്ടായ കവുങ്ങില്‍ കയറിയത്. ജീന വി.രാജാണ് മഹേഷിന്റെ ഭാര്യ. മക്കള്‍: നവമി, 22 ദിവസം മാത്രം പ്രായമുള്ള മകള്‍. ഈ കുഞ്ഞിന്റെ നൂലുകെട്ടല്‍ ചടങ്ങ് നടക്കാനിരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്തു.

Tags:    

Similar News