അര കിലോയുടെ സ്വര്‍ണ കട്ടി എന്ന പേരില്‍ ലോഹം നല്‍കി കബളിപ്പിച്ചു; മലപ്പുറത്തെ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ആറ് ലക്ഷം തട്ടിയ കേസില്‍ രണ്ട് അസം സ്വദേശികള്‍ അറസ്റ്റില്‍
മലപ്പുറത്തെ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ആറ് ലക്ഷം തട്ടിയ കേസില്‍ രണ്ട് അസം സ്വദേശികള്‍ അറസ്റ്റില്‍
കോഴിക്കോട്: അരക്കിലോയുടെ സ്വര്‍ണക്കട്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാരയില്‍ നിന്ന് പണം തട്ടിയ കേസില്‍ രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. മലപ്പുറത്തെ ജ്വല്ലറിയ ഉടമയെ കബളിപ്പിച്ച അസം സ്വദേശികളാണ് കോഴിക്കോട് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ വ്യാപാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അസം സ്വദേശികളായ ഇജാജുല്‍ ഇസ്ലാം, റഈസുദ്ദീന്‍ എന്നിവരെ നടക്കാവ് പൊലീസ് പിടികൂടിയത്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുളളതായി നടക്കാവ് പൊലീസ് പറഞ്ഞു.
2024 ജനുവരി 18നായിരുന്നു സംഭവം. സ്വര്‍ണ്ണക്കട്ടി എന്ന പേരില്‍ അര കിലോഗ്രാമോളം വരുന്ന ലോഹം കാണിച്ച് ജ്വല്ലറി ഉടമയോട് 12 ലക്ഷം രൂപ ആവശ്യപ്പെട്ടു. വ്യാപാരി ആദ്യഗഡുവായി ആറു ലക്ഷം രൂപ കോഴിക്കോട് ബസ്റ്റാന്‍ഡില്‍ വച്ച് ഇരുവര്‍ക്കും കൈമാറുകയും ചെയ്തു. പിന്നീടാണ് സ്വര്‍ണം വ്യാജമാണെന്ന് ജ്വല്ലറി ഉടമയ്ക്ക് മനസ്സിലായത്. അപ്പോഴേക്കും പ്രതികള്‍ സ്ഥലംവിട്ടു. പിന്നീടാണ് മലപ്പുറം സ്വദേശി താന്‍ കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തട്ടിയെടുത്ത പണവുമായി നാടുവിട്ട പ്രതികള്‍ക്കായി അന്വേഷണത്തിലായിരുന്നു നടക്കാവ് പോലീസ്. മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും മാറ്റി മുങ്ങി നടക്കുകയായിരുന്ന പ്രതികള്‍ മറ്റൊരു തട്ടിപ്പിനായി തൃശ്ശൂരില്‍ എത്തിയപ്പോഴാണ് നടക്കാവ് പൊലീസ് ഇരുവരെയും പിടികൂടിയത്. തട്ടിപ്പ് സംഘത്തില്‍ മറ്റൊരാള്‍ക്കൂടി ഉണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. സമാനരീതിയില്‍ സംഘം വെറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.