സൈറ്റും ആപ്പും ലഭിക്കാതായതോടെ തത്കാല്‍ ടിക്കറ്റ് എടുക്കല്‍ പ്രതിസന്ധിയിലായി; ട്രെയിന്‍ യാത്രക്കാരെ വലച്ച് ഐആര്‍സിടിസി; ഇത് ഇന്ത്യന്‍ റെയില്‍വേയ്ക്ക് അപമാനം
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാരെ വലച്ച് ഐആര്‍സിടിസി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഐആര്‍സിടിസി വെബ്സൈറ്റും മൊബൈല്‍ ആപ്പും ട്രെയിന്‍ യാത്രക്കാരെ വലക്കുന്നത്. സൈറ്റും ആപ്പും ലഭിക്കാതായതോടെ തത്കാല്‍ ടിക്കറ്റ് എടുക്കല്‍ പ്രതിസന്ധിയിലായി. സ്വകാര്യ വെബ് സൈറ്റുകളെ സഹായിക്കാനാണ് ഇതെന്ന ആരോപണമുണ്ട്. ഈ പിഴവ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് തീര്‍ത്തും അപമാനകരമാണെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസവും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന സമയത്ത് വെബ്‌സൈറ്റിന് തകരാര്‍ സംഭവിച്ചിരുന്നു. ആപ്പും വെബ്സൈറ്റുമായി ബന്ധപ്പെട്ട പരാതികളില്‍ ശനിയാഴ്ച യഥാക്രമം 36,30 ശതമാനത്തിന്റെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി പേര്‍ സമൂഹമാധ്യമായ എക്സില്‍ ഇതുസംബന്ധിച്ച് പരാതികളും ഉന്നയിച്ചിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ 'അടുത്ത മണിക്കൂറില്‍ ബുക്കിങ്ങും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും കഴിയില്ല' എന്ന സന്ദേശമായിരുന്നു ഉപയോക്താക്കള്‍ക്ക് ലഭിച്ചത്.
അടുത്തിടെ പലതവണ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉപയോക്താക്കള്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ക്രിസ്മസ് അവധിക്കാലത്ത് നടത്തിയ അപ്‌ഡേഷനുകളാണ് പ്രതിസന്ധിയെന്നും ആരോപണമുണ്ട്.