സഹയാത്രികന്റെ വാക്ക് വിശ്വസിച്ചിറങ്ങി; ബ്ലൈന്‍ഡ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്നും വീണത് 40 അടി താഴ്ചയുള്ള ചതുപ്പില്‍; രക്ഷകനായത് ശബ്ദം കേട്ടെത്തിയ നാമക്കല്‍ സ്വദേശി
ട്രെയിനിൽ നിന്ന് വീണത് 40അടി താഴെയുള്ള ചതുപ്പിൽ
തൃശ്ശൂര്‍: സഹയാത്രികന്റെ വാക്ക് വിശ്വസിച്ച് ട്രെയിനില്‍ നിന്നും ഇറങ്ങിയ അന്ധവിദ്യാര്‍ത്ഥി വീണത് 40 അടി താഴ്ചയിലേക്ക്. ബ്ലൈന്‍ഡ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത് തീവണ്ടിയില്‍ തിരിച്ചുവരുകയായിരുന്ന മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥിയെ (24) യാത്രക്കാരിലാരോ ക്രൂരമായി പറ്റിച്ചത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനെന്ന് കരുതിയാണ് സഹയാത്രികന്റെ വാക്ക് വിശ്വസിച്ച് യുവാവ് പുറത്തേക്ക് ഇറങ്ങിയത്. എന്നാല്‍ ചെന്ന് വീണത് 40 അടി താഴ്ചയിലുള്ള ചതുപ്പിലേക്കും. 100 ശതമാനം കാഴ്ചപരിമിതനായ വിദ്യാര്‍ഥിയോടായണ് കൊടുംക്രൂരത കാട്ടിയത്.
തിരുവനന്തപുരത്ത് ബ്ലൈന്‍ഡ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തു മടങ്ങവേയാണ് അപകടം. തൃശ്ശൂരിലിറങ്ങേണ്ട വിദ്യാര്‍ഥി, തീവണ്ടി നിര്‍ത്തിയത് മനസ്സിലാക്കി സ്റ്റേഷന്‍ എത്തിയോയെന്ന് ചോദിച്ചപ്പോള്‍ എത്തിയെന്ന് ആരോ മറുപടി പറഞ്ഞു. എന്നാല്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്ററകലെ മിഠായിഗേറ്റിനുസമീപമായിരുന്നു ട്രെയിന്‍ നിര്‍ത്തിയത്. പുറത്തേക്ക് ഇറങ്ങിയ 24കാരന്‍ താഴ്ചയിലേക്ക് വീണു. സിഗ്‌നല്‍ കാത്തുകിടന്ന തീവണ്ടി ഉടന്‍ പുറപ്പെടുകയും ചെയ്തു. വിദ്യാര്‍ത്ഥി വീണ വിവരം ആരുടെയും ശ്രദ്ധയില്‍പ്പെട്ടതുമില്ല. മുതുകില്‍ ബാഗ് തൂക്കിയിരുന്നതിനാല്‍ കാര്യമായ പരിക്കേറ്റില്ല. എങ്കിലും എണീക്കാന്‍ സാധിച്ചില്ല. ചുറ്റും കുറ്റിക്കാടായിരുന്നു. സമീപത്തൊന്നും വീടുകളുമില്ലാത്തതിനാല്‍ സംഭവം ആരും അറിഞ്ഞതുമില്ല.
അകലെയുള്ള ചെറിയ വാടകവീട്ടില്‍ നാമക്കല്‍ പെരുമത്തിവേലൂര്‍ സ്വദേശിയായ കൂലിപ്പണിക്കാരനായ സതീശന്‍ (32) താമസിക്കുന്നുണ്ട്. രാവിലെ ആറരയോടെ എണീറ്റ സതീശന്‍ അകലെ കുറ്റിക്കാട്ടിലൊരു ചെറിയ കരച്ചില്‍ കേട്ടു. സംഭവം എന്തെന്നറിയാന്‍ അവിടെയെത്തിയ സതീശന്‍ കണ്ടത് എഴുന്നേല്‍ക്കാനാകാതെ കിടക്കുന്ന യുവാവിനെയാണ്. എഴുന്നേല്‍പ്പിച്ചിരുത്തി വീട്ടില്‍പ്പോയി വെള്ളം കൊണ്ടുവന്നുകൊടുത്ത ശേഷം സതീശന്‍ യുവാവിനെ താങ്ങിപ്പിടിച്ച് മുകളിലെത്തിച്ചു.
തുടര്‍ന്ന് നാട്ടിലെ സഹായിയും സിപിഎം പ്രാദേശികനേതാവുമായ മങ്കുഴി ശിവദാസിനെയും പോലിസിനെയും വിവരം അറിയിച്ചു. വിദ്യാര്‍ഥി നല്‍കിയ ഫോണ്‍ നമ്പറില്‍ ശിവദാസ് ബന്ധപ്പെട്ടു. യുവാവിനോടൊപ്പമുണ്ടായിരുന്ന ബ്ലൈന്‍ഡ് ഫുട്‌ബോള്‍ താരങ്ങള്‍ തൃശ്ശൂര്‍ സ്റ്റേഷനിലിറങ്ങി യുവാവിനെ കാണാതെ പരിഭ്രാന്തരായി നില്‍ക്കുകയായിരുന്നു. യുവാവിന് പ്രാഥമിക ചികിത്സ നല്‍കി സതീശനും ശിവദാസും ചേര്‍ന്ന് വാഹനത്തില്‍ കയറ്റി കൂട്ടുകാരുടെ അടുത്തെത്തിച്ചു.
തീവണ്ടിയില്‍നിന്നുവീണപ്പോള്‍ നഷ്ടപ്പെട്ട റെയില്‍വേ പാസും മറ്റു രേഖകളും റെയില്‍വേ പോലീസില്‍നിന്നുവാങ്ങി യുവാവിന് അയച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് സതീശനും ശിവദാസും. ബിഎഡ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്.
