ശ്രീനിവാസന്റെ മരണാനന്തര ചടങ്ങ്: മാധ്യമങ്ങള്‍ അതിരുവിട്ടു; മരിച്ചുപോയവര്‍ക്കും അവര്‍ ബാക്കിവെച്ചു പോയവര്‍ക്കും കുറച്ചുകൂടി മര്യാദ നമ്മള്‍ നല്‍കേണ്ടതല്ലേ? ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറുന്നു; നമ്മള്‍ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? വിമര്‍ശിച്ചു സുപ്രിയ മേനോന്‍
ശ്രീനിവാസന്റെ മരണാനന്തര ചടങ്ങ്: മാധ്യമങ്ങള്‍ അതിരുവിട്ടു;
തിരുവനന്തപുരം: നടന്‍ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങില്‍ മാധ്യമങ്ങള്‍ അതിരുവിട്ടെന്ന വിമര്‍ശനം ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകയും നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ജീവിത പങ്കാളിയുമായ സുപ്രിയ മേനോന്‍. മാധ്യമങ്ങള്‍ അതിരുവിട്ടു പെരുമാറിയെന്ന വിമര്‍ശനമാണ് സുപ്രിയ ഉയര്‍ത്തിയാണ് സുപ്രിയയുടെ വിമര്‍ശനം.
മരിച്ചുപോയവര്‍ക്കും അവര്‍ ബാക്കിവെച്ചു പോയവര്‍ക്കും കുറച്ചുകൂടി മര്യാദ നമ്മള്‍ നല്‍കേണ്ടതല്ലേ? ജീവിതത്തിന്റെ ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറുന്നു. ഇത്രയും വലിയൊരു ദുരന്തത്തിന് നടുവില്‍ നില്‍ക്കുന്ന ആ കുടുംബത്തിന്റെ വേദന എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. നമ്മള്‍ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? വാര്‍ത്താ പ്രാധാന്യം എത്രത്തോളം നല്‍കണം എന്നത് ചിന്തിക്കണ്ടേ? - സുപ്രിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറില്‍ ചോദിച്ചു.
പ്രിയപ്പെട്ട ഒരാളോട് വിടപറയാന്‍ ശ്രമിക്കുന്ന തകര്‍ന്നുപോയ ഒരു കുടുംബത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കാണുന്ന രീതിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകര്‍മങ്ങള്‍ നടക്കുന്നിടത്ത് ഇങ്ങനെ തിരക്കുണ്ടാക്കേണ്ടതുമുണ്ടോയെന്നും സുപ്രിയ കുറിച്ചു. അതേസമയം സുപ്രിയയുടെ കുറിപ്പിനെ പിന്തുണച്ചു നിരവധി പേര്‍ രംഗത്തുവന്നു.
ഇന്ന് രാവിലെ 11.30ന് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ശ്രീനിവാസന് ആദരവോടെ നാട് വിടചൊല്ലി.