മരിച്ചെന്ന് കരുതി മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും നാട്ടിലേക്ക്; മോര്‍ച്ചറിയിലേക്ക് മാറ്റവേ മൃതദേഹത്തിന് അനക്കമുള്ളതായി സംശയം: സംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെ ജീവിതത്തിലേക്ക് തിരികെ കയറി പവിത്രന്‍
സംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെ ജീവിതത്തിലേക്ക് തിരികെ കയറി പവിത്രന്‍
കണ്ണൂര്‍: മരിച്ചെന്നു കരുതിയ ആള്‍ സംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെ കണ്ണു തുറന്നു. ചൊവ്വാഴ്ച രാവിലെ സംസ്‌ക്കാരം നിശ്ചയിച്ച ശേഷം മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈക്ക് അനക്കമുള്ളതായി തോന്നി. ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ നല്‍കുക ആയിരുന്നു. കണ്ണൂര്‍ പാച്ചപ്പൊയ്കയിലെ വെള്ളുവക്കണ്ടി പവിത്രന്‍ (67) ആണ് മരണത്തൊട് ബൈ പറഞ്ഞ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു.
മംഗളൂരുവില്‍നിന്നും തിങ്കളാഴ്ച വൈകിട്ട് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിലെപ്പോഴോ മരിച്ചെന്നു കരുതി, സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ നടത്തി. ഇന്നലെ രാവിലെ 10ന് കൂത്തുപറമ്പില്‍ സംസ്‌കാരം നിശ്ചയിച്ച്, ഒരു രാത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് പവിത്രനെ രാത്രി വൈകി കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍നിന്നു വൈകിട്ട് പുറപ്പെട്ട ആംബുലന്‍സ് 5 മണിക്കൂറിനു ശേഷമാണു കണ്ണൂരിലെത്തിയത്. വാര്‍ഡ് അംഗം വഴി രാത്രി തന്നെ മരണവാര്‍ത്ത മാധ്യമങ്ങള്‍ക്കു നല്‍കി, സംസ്‌കാരത്തിനുള്ള ഒരുക്കവും തുടങ്ങി.
സംസ്‌ക്കാരം പിറ്റേ ദിവസമായതിനാല്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. എന്നാല്‍ മോര്‍ച്ചറിയിലേക്ക്ക മാറ്റുമ്പോള്‍ കൈ അനങ്ങുന്നതായി ഇലക്ട്രിഷ്യന്‍ അനൂപിനും നൈറ്റ് സൂപ്പര്‍വൈസര്‍ ആര്‍.ജയനും തോന്നി. നാഡിമിഡിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചു. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ അടിയന്തരമായി വിളിച്ചുവരുത്തി. നേരം വെളുത്തപ്പോഴേക്കും പവിത്രന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ബോധം വന്നെന്നും കണ്ണുതുറന്നു തന്നെ നോക്കിയെന്നും ഭാര്യ സുധ പറഞ്ഞു.
ശ്വാസംമുട്ടലിന് കൂത്തുപറമ്പിലെയും തലശ്ശേരിയിലെയും ആശുപത്രികളില്‍ ചികിത്സയിലായിരുന്ന പവിത്രനെ രോഗം മൂര്‍ച്ഛിച്ചതോടെയാണ് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ ഞായറാഴ്ച മംഗളൂരുവിലേക്കു കൊണ്ടുപോയത്. അവിടെ രണ്ട് ആശുപത്രികളിലായി വന്‍തുക മരുന്നിനും ചികിത്സയ്ക്കുമായി അടച്ചു. യുപിഐ പരിധി കഴിഞ്ഞതോടെ പിന്നീട് ബില്‍ അടയ്ക്കാന്‍ പറ്റാതായി. അടുത്ത ദിവസം അടച്ചാല്‍ മതിയോ എന്നു ചോദിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല.
വെന്റിലേറ്ററില്‍ തുടരാനുള്ള തുക അടയ്ക്കാനാകാതെ വന്നതോടെയാണു തിരികെപ്പോരാന്‍ തീരുമാനിച്ചത്. വെന്റിലേറ്ററില്‍നിന്നു മാറ്റിയാല്‍ 10 മിനിറ്റിനകം മരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സാധാരണ ആംബുലന്‍സിലായിരുന്നു മടക്കം. വഴിയില്‍ ഏതെങ്കിലും ആശുപത്രിയില്‍ കാണിച്ച് മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മംഗളൂരുവിലെ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ഗള്‍ഫിലായിരുന്ന പവിത്രന്‍ ഏതാനും വര്‍ഷം മുന്‍പാണു നാട്ടിലെത്തിയത്. പക്ഷാഘാതം വന്ന് ഒരുഭാഗത്തിനു സ്വാധീനക്കുറവുണ്ട്.