വാറണ്ട് പ്രതിയെ തേടി എത്തിയ പോലിസ് കണ്ടത് കറിയാക്കാന് വെച്ചിരുന്ന മ്ലാവ് ഇറച്ചി; പൊലീസ് തേടിയെത്തിയ പ്രതി ഓടി രക്ഷപ്പെട്ടു: പിന്നാലെ അടുത്ത കേസും
വാറണ്ട് പ്രതിയെ തേടി എത്തിയ പോലിസ് കണ്ടത് മ്ലാവ് ഇറച്ചി; പൊലീസ് തേടിയെത്തിയ പ്രതി ഓടി രക്ഷപ്പെട്ടു:
അടിമാലി: വാറണ്ട് പ്രതിയെ തേടി എത്തിയ പോലിസ് കണ്ടത് കറിയാക്കാന് വെച്ചിരുന്ന മ്ലാവ് ഇറച്ചി. ഇടുക്കി അടിമാലിയിലാണ് സംഭവം. മ്ലാവിനെ വേട്ടയാടിയവരെ പൊലീസ് പിടികൂടി. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പ്രതിയെ അന്വേഷിച്ച് എത്തിയപ്പോഴാണ് നായാട്ട് സംഘം പിടിയിലായത്. പൊലീസ് തേടിയെത്തിയ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
വനപാലകരെ ആക്രമിച്ച കേസില്‍ ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ച പ്രതി സന്തോഷിനെ തേടിയാണ് അടിമാലി പൊലീസ് എത്തിയത്. സന്തോഷിനായുള്ള തിരച്ചിലില്‍ പഴമ്പിള്ളിച്ചാലിലെ വീട്ടില്‍ നിന്ന് വേട്ടയാടി കൊന്ന മ്ലാവിന്റെ ഇറച്ചി കണ്ടെത്തുക ആയിരുന്നു. പൊലീസിനെ കണ്ട് സന്തോഷും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. പഴമ്പിള്ളിച്ചാല്‍ സ്വദേശി ഷൈന്‍, രാമമംഗലം സ്വദേശി ഹരീഷ് എന്നിവരാണ് പിടിയിലായത്.
മൂവരും ഓടിയതിനെ തുടര്‍ന്ന് സംശയം തോന്നിയ പോലിസ് ഇവരെ ചോദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വേവിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന മ്ലാവിന്റെ ഇറച്ചി കണ്ടെടുത്തു. ഇറച്ചി വനംവകുപ്പിന് കൈമാറി. പിടികിട്ടാപ്പുള്ളിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിന് പിടിയിലായ ഷൈനും ഹരീഷിനും എതിരെ അടിമാലി പൊലീസ് കേസെടുത്തു.
മ്ലാവ് ഇറച്ചി പിടികൂടിയതില്‍ വനം വകുപ്പും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. നായാട്ട് നടത്തിയത് എവിടെ വെച്ചെന്ന് കണ്ടെത്താന്‍ ഇരുവരെയും വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഓടി രക്ഷപ്പെട്ട സന്തോഷിനെ കണ്ടെത്താന്‍ അടിമാലി പൊലീസ് തെരച്ചില്‍ തുടങ്ങി.