മൊബൈല്‍ കടയില്‍ ഫോണിന്റെ ഡിസ്‌പ്ലേ മാറ്റാന്‍ നല്‍കിയത് 500ന്റെ നാല് കള്ളനോട്ടുകള്‍; സഹയാത്രികന്റെ ഇരുമുടിക്കെട്ടില്‍ കള്ളനോട്ട് തിരുകിവെച്ച് ഒറിജിനല്‍ നോട്ട് കൈവശപ്പെടുത്തിയ പ്രതി അറസ്റ്റില്‍
സഹയാത്രികന്റെ ഇരുമുടിക്കെട്ടില്‍ കള്ളനോട്ട് തിരുകിവെച്ചയാള്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികന്റെ ഇരുമുടിക്കെട്ടില്‍ കള്ളനോട്ട് തിരുകിവെച്ച് ഒറിജിനല്‍ നോട്ട് കൈവശപ്പെടുത്തിയ പ്രതി അറസ്റ്റില്‍. കളനാട് ബാലഗോപാല ക്ഷേത്രത്തിനു സമീപം വാടക വീട്ടിലെ കിഷോര്‍ കുമാര്‍ (42) ആണ് അറസ്റ്റിലായത്. പ്രതിയെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ആറിന് പാലക്കുന്നിലെ മൊബൈല്‍ കടയില്‍ ഫോണിന്റെ ഡിസ്‌പ്ലേ മാറ്റാന്‍ ഉദുമ എരോലിലെ വിനോദ് 500ന്റെ നാല് നോട്ടുകള്‍ നല്‍കിയിരുന്നു. ഇത് കള്ളനോട്ടാണെന്ന് കണ്ടെത്തിയതോടെ കടയുടമയുടെ പരാതിയില്‍ എരോല്‍ വിനോദിനെ പ്രതിചേര്‍ത്തു. പ്രാഥമിക അന്വേഷണത്തില്‍ വിനോദിന് കള്ളനോട്ടു സംഘവുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
എരോല്‍ വിനോദും കിഷോര്‍ കുമാറും ഉള്‍പ്പെട്ട സംഘം ശബരിമലയില്‍ പോയി തിരിച്ചുവന്നശേഷമാണ് മൊബൈല്‍ കടയില്‍ നോട്ട് നല്‍കിയത് എന്ന് മനസ്സിലാക്കിയ പൊലീസ് സംഘം വിനോദിനൊപ്പം ശബരിമലക്ക് പോയവരെക്കുറിച്ച് അന്വേഷണം നടത്തി. ഇതിനിടയിലാണ് പൊലീസിന് രഹസ്യ വിവരം ലഭിക്കുന്നത്. നാലുമാസം മുമ്പ് മംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് ചെര്‍ക്കളയില്‍നിന്ന് 500ന്റെ നാനൂറിലേറെ കള്ളനോട്ടുകളും കള്ളനോട്ട് അച്ചടിയന്ത്രവും പിടികൂടിയ കേസില്‍ അറസ്റ്റിലായ മല്ലം സ്വദേശിയായ വിനോദിന്റെ സഹോദരീ ഭര്‍ത്താവാണ് എരോലിലെ വിനോദിനൊപ്പം ശബരിമലയിലേക്ക് പോയ കിഷോര്‍ കുമാര്‍ എന്ന വിവരമായിരുന്നു ലഭിച്ചത്.
ഇതിന്റെ ചുവടുപിടിച്ച് പമ്പയില്‍ ഇവര്‍ താമസിച്ച സ്ഥലങ്ങള്‍ പരിശോധിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കിഷോര്‍ കുമാര്‍, വിനോദിന്റെ ഇരുമുടിക്കെട്ടില്‍ താന്‍ കള്ളനോട്ട് തിരുകിയതായി പറഞ്ഞത്. വിനോദിന്റെ ഭാണ്ഡക്കെട്ടിലുണ്ടായിരുന്ന 10,000 രൂപയുടെ കെട്ടില്‍ ഏഴ് 500ന്റെ കള്ളനോട്ടുകള്‍ തിരുകിക്കയറ്റി ഒറിജിനല്‍ എടുക്കുകയായിരുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്.
കിഷോറിന്റെ വീട്ടിലും വിനോദിന്റെ മല്ലത്തെ വീട്ടിലും പരിശോധന നടത്തി. മല്ലത്തെ വിനോദിന്റെ വീട്ടിലെ കക്കൂസ് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോള്‍ ടാങ്കില്‍ ദ്രവിച്ച് തുടങ്ങിയ പ്രിന്റിങ് മെഷീന്റെ ഭാഗങ്ങള്‍ കണ്ടെടുത്തു.