തൊഴില്‍ സജ്ജരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്; തൊഴില്‍ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റീ-എജ്യുക്കേഷന്‍ നല്‍കേണ്ട ഗതികേടിലെന്ന് ശശി തരൂര്‍

Update: 2025-01-28 07:57 GMT

കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ രീതികള്‍ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തൊഴില്‍ സജ്ജരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദ്യാഭ്യാസത്തിലെ നാല് ''ഇ''കള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം.പി. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നല്ലതും മോശവുമായ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം അധ്യാപനത്തിലെ ന്യൂനതകളും പ്രതിവാദിച്ചു.

''കേരളത്തില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം എന്‍ജിനീയറിങ് ബിരുദധാരികളില്‍ 66% പേരും എന്‍ജിനീയറിങ് ഇതര ജോലികളാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവരെ ജോലിക്കെടുത്ത സ്ഥാപനങ്ങള്‍ക്ക് ഈ കുറവ് നികത്താന്‍ വേണ്ടി ചിലപ്പോള്‍ ഒരു വര്‍ഷത്തോളം പരിശീലനം നല്‍കേണ്ടി വരുന്നുണ്ട്. പലപ്പോഴും റീ- എജ്യുക്കേഷന്‍ ആണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടി വരുന്നത്. ഇതിന് കാരണം എന്തെന്നാല്‍ തൊഴില്‍ സജ്ജരല്ലാത്ത ആളുകളെയാണ് ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും പടച്ചുവിടുന്നത്''- അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രശ്നമാണിതിന് കാരണം. കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം ലഭിക്കാത്തതിനാലാണ് നമ്മുടെ നാട്ടിലെ പ്രഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞവര്‍ക്കും മികച്ച തൊഴിലവസരം ലഭിക്കാതെ പോകുന്നത്. മാത്രമല്ല, ഇന്ത്യയിലെ മൊത്തത്തിലുള്ള വിദ്യാഭ്യാസ രീതിയിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

ഗുരുകുല വിദ്യാഭ്യാസം നിലനിന്നിരുന്ന ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയില്‍ അധ്യാപകര്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നു. കാലത്തിനനുസരിച്ച് മാറ്റം വരണമെങ്കില്‍ വിദ്യാര്‍ത്ഥികളെ എന്ത് ചിന്തിക്കണം എന്നതിന് പകരം എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയണം. ചിന്തിക്കാനുള്ള പുതിയ വഴികളാണ് നമുക്കാവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ദീര്‍ഘവീക്ഷണം ആയിരുന്നു ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ആദ്യത്തെ മൂന്ന് 'ഇ'കള്‍. എക്സ്പാന്‍ഷന്‍, ഇക്വിറ്റി, എക്സലന്‍സ് എന്നവയായിരുന്നു അവ. ഇതിലെ എക്സ്പാന്‍ഷനിലൂടെ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വിദ്യാഭ്യാസ പുരോഗതിയുണ്ടായി. ഇക്വിറ്റി വഴി തുല്യത ലഭിക്കാതെ പുറത്ത് നിന്നിരുന്ന പല വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം ലഭിച്ചു.

മൂന്നാമത്തെ ഇ ആയ എക്സലന്‍സ് വഴി ഐഐടി, ഐഐഎം പോലെയുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായി. ഇതുവഴി നമുക്കും ഉന്നതവിദ്യാഭ്യാസം പുറത്ത് പോകാതെ നേടാനുളള അവസരം ലഭിച്ചു. ഈ മൂന്ന് ''ഇ''കള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടും നമ്മുടെ ഉദ്യോഗാര്‍ത്ഥികളില്‍ തൊഴില്‍ദാതാക്കള്‍ പൂര്‍ണ്ണമായും തൃപ്തരായിരുന്നില്ല. അതുകൊണ്ടാണ് താന്‍ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ആയിരുന്ന കാലത്ത് നാലാമത്തെ ''ഇ'' ആയ എംപ്ലോയബിലിറ്റി എന്ന ആശയം നടപ്പാക്കിയത്. ഇതുവഴി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു, ഇനിയും മാറ്റങ്ങള്‍ വരാനുണ്ട് - ശശി തരൂര്‍ വ്യക്തമാക്കി.

Tags:    

Similar News