സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ്

Update: 2025-01-30 14:36 GMT

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസ് എടുത്തത്. BNS 79, ഐടി ആക്ട് 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ ആദ്യ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിരുന്നില്ല.


പരാതി വ്യാജമാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് നടിക്കെതിരെ മാനനഷ്ട കേസ് നല്‍കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ആദ്യ പരാതിയില്‍ അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. കേസ് പരിഗണിക്കവെ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

നടിയുടെ വസ്ത്രധാരണ രീതി ടെലിവിഷന്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നിരന്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നു എന്ന നടിയുടെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. ഈ സമയത്താണ് നടിയുടെ വസ്ത്രധാരണ രീതി സംബന്ധിച്ചുള്ള രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനകള്‍ വിവാദമായത്.

Similar News