അന്ന് ജെറിന്‍ പ്രചരിപ്പിച്ചത് കടുവയുടെ എഡിറ്റ് ചെയ്ത പഴയ ദൃശ്യങ്ങള്‍; പിന്നാലെ കരുവാരകുണ്ടില്‍ ശരിക്കും കടുവയിറങ്ങി; സ്ഥിരീകരിച്ച് വനംവകുപ്പ്; കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ഡിഎഫ്ഒ

കരുവാരക്കുണ്ടില്‍ കടുവയിറങ്ങി; സ്ഥിരീകരിച്ച് വനംവകുപ്പ്

Update: 2025-03-10 14:15 GMT

മലപ്പുറം: മലപ്പുറം കരുവാരകുണ്ടില്‍ കടുവയിറങ്ങിയതായി വിവരം. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. റബ്ബര്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും നടത്തിയ പരിശോധനയിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ഡിഎഫ്ഒ അറിയിച്ചു.

പശ്ചിമഘട്ടത്തിന്റെ താഴ്വാര മേഖലയാണിത്. കടുവയെ കണ്ട മേഖലയില്‍ ജനവാസമില്ലെങ്കിലും ഏക്കര്‍ കണക്കിനുള്ള റബ്ബര്‍ തോട്ടമാണിവിടം. അതുകൊണ്ടു തന്നെ റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ നിരന്തരം ജോലിയിലേര്‍പ്പെടുന്ന പ്രദേശമാണിത്. എസ്റ്റേറ്റിന് താഴെയുള്ള പ്രദേശം ജനവാസമേഖലയാണ്. കടുവയെ കണ്ടെത്തിയതോടെ തൊഴിലാളികളും സമീപപ്രദേശങ്ങളിലുള്ളവരും ആശങ്കയിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കരുവാരക്കുണ്ട് സ്വദേശി ജെറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വനം വകുപ്പിന്റെ പരാതിയിലാണ് കരുവാരക്കുണ്ട് പൊലീസ് ജെറിനെതിരെ നടപടിയെടുത്തത്. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പില്‍ ജെറിനാണ് ആര്‍ത്തല എസ്റ്റേറ്റിന് സമീപം താന്‍ കണ്ട കടുവയുടേത് എന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിന്‍ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ വനം വകുപ്പ് നേരിട്ടെത്തി കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍നടപടികള്‍ എന്തെല്ലാം സ്വീകരിക്കണം എന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വനം വകുപ്പ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

Tags:    

Similar News