ലഹരിയില്‍ അഴിഞ്ഞാടി യുവാവ്; മറ്റൊരു യുവാവിനെ കിണറ്റില്‍ തള്ളിയിട്ടു: വധശ്രമത്തിന് കേസെടുത്ത് പോലിസ്
ലഹരിയില്‍ അഴിഞ്ഞാടി യുവാവ്; മറ്റൊരു യുവാവിനെ കിണറ്റില്‍ തള്ളിയിട്ടു
കുറവിലങ്ങാട്: ലഹരിയുടെ ഉന്മാദത്തില്‍ യുവാവ് മറ്റൊരു യുവാവിനെ കിണറ്റില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നു പരാതി. കടപ്ലാമറ്റം ഇലയ്ക്കാട് പര്യാത്ത് നിതിന് (31) എതിരെയാണ് മരങ്ങാട്ടുപിള്ളി പൊലീസ് വധശ്രമത്തിനു കേസെടുത്തത്. ലഹരിയുടെ ഉന്മാദത്തിലായിരുന്ന ഇയാള്‍ കല്ലോലില്‍ ജോണ്‍സനെ (44) ആക്രമിച്ച ശേഷം കിണറ്റില്‍ തള്ളിയിടുക ആയിരുന്നു.
ശനിയാഴ്ച രാത്രി 7ന് ഇലയ്ക്കാട് ബാങ്ക് ജംക്ഷനു സമീപമാണു സംഭവം. കിണറ്റില്‍ വീണ ജോണ്‍സണ്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവ ശേഷം ഒളിവില്‍ പോയ നിതിനായി തിരച്ചില്‍ തുടങ്ങിയെന്നു പൊലീസ് പറഞ്ഞു. ഡ്രൈവറായ ജോണ്‍സണ്‍ ജോലികഴിഞ്ഞു വീട്ടിലെത്തിയശേഷം സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കു പോയതായിരുന്നു. പഞ്ചായത്ത് കിണറിനു സമീപമെത്തിയപ്പോഴാണു നിതിനെ കണ്ടത്. സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നതു കണ്ടു ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതനായ നിതിന്‍, ജോണ്‍സനെ ആക്രമിച്ച ശേഷം കിണറ്റിലേക്കു തള്ളിയിടുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു മരങ്ങാട്ടുപിള്ളി പൊലീസും പാലായില്‍ നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി വല ഉപയോഗിച്ചാണു ജോണ്‍സനെ രക്ഷിച്ചത്. ജോണ്‍സന്റെ പരുക്ക് ഗുരുതരമല്ല.