ട്രേഡ് മാര്‍ക്ക് കേസില്‍ കോടതി നിയമിച്ച അഭിഭാഷക കമ്മീഷണറെ കൈയ്യേറ്റം ചെയ്തു; കേസില്‍ നാലു പ്രതികള്‍ കൂടി അറസ്റ്റില്‍; കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍; ജാമ്യാപേക്ഷ ഹൈക്കോടതിയും
ട്രേഡ് മാര്‍ക്ക് കേസില്‍ കോടതി നിയമിച്ച അഭിഭാഷക കമ്മീഷണറെ കൈയ്യേറ്റം ചെയ്തു
മലപ്പുറം: ട്രേഡ് മാര്‍ക്ക് കേസില്‍ മഞ്ചേരി ജില്ലാ കോടതി നിയമിച്ച അഭിഭാഷക കമ്മീഷണറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികളായ കുറ്റിപ്പുറം മാന്നൂര്‍ കാലടി സ്വദേശികളായ ചൂളിപ്പുറത്ത് ജുനൈദ്, കൊട്ടുക്കാട്ടില്‍ മുര്‍ഷിദ്, ചേലേപ്പറമ്പില്‍ മുഹമ്മദലി എന്നിവരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ നാലാം പ്രതി പൊന്നാനി പുളുവന്‍പടി കൊളത്തറക്കുന്നില്‍ അക്ഷയ്നെ ഫെബ്രുവരി 28 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും ജില്ലാ കോടതിയും തള്ളിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 6 ന് മഞ്ചേരി ജില്ലാ കോടതിയുടെ കമ്മീഷന്‍ വാറണ്ടുമായി ഒന്നാം പ്രതിയായ ജുനൈദിന്റെ മാന്നൂര്‍ ചേകന്നൂര്‍ റോഡിലൂള്ള ഹിമ എം ജെ ട്രെഡേഴ്സ് എന്ന സ്ഥാപനത്തില്‍ പരിശോധനക്ക് പോയതായിരുന്നു അഭിഭാഷക കമ്മീഷണറായ മുഹമ്മദ് ഷഹീന്‍. പരിശോധനാ സമയം പ്രതികള്‍ കൈയ്യേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു.
കൈയ്യേറ്റത്തില്‍ പരിക്ക് പറ്റിയ അഭിഭാഷക കമ്മീഷണര്‍ കുറ്റിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, തിരൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. അഭിഭാഷക കമ്മീഷണറുടെ പരാതി പ്രകാരം പ്രതികള്‍ക്കെതിരെ പൊന്നാനി പോലീസ് അന്ന് തന്നെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.