കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഭര്‍ത്താവ് കിണറ്റില്‍ വീണു; രക്ഷിക്കാന്‍ കയറില്‍ തൂങ്ങി കിണറ്റിലിറങ്ങിയ ഭാര്യയും വെള്ളത്തില്‍ വീണു: ഇരുവരേയും രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന
കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഭര്‍ത്താവ് കിണറ്റില്‍ വീണു; രക്ഷിക്കാന്‍ കയറില്‍ തൂങ്ങി കിണറ്റിലിറങ്ങിയ ഭാര്യയും വെള്ളത്തില്‍ വീണു: ഇരുവരേയും രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന
പിറവം: കിണറ്റില്‍ വീണ ഭര്‍ത്താവിനെയും രക്ഷിക്കാന്‍ പിന്നാലെ ചാടിയ ഭാര്യയേയും അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറവം നഗരസഭ എട്ടാം വാര്‍ഡില്‍ പാറേക്കുന്നില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ ഭാര്യ സാഹസികമായി കയറില്‍ തൂങ്ങി കിണറ്റിലേക്ക് ഇറങ്ങുക ആയിരുന്നു. എന്നാല്‍ കയറില്‍ നിന്ന് പിടിവിട്ട് ഇവരും വെള്ളത്തിലേക്ക് വീഴുക ആയിരുന്നു.
ഇലഞ്ഞിക്കാവില്‍ രമേശന്‍ (66), ഭാര്യ പത്മം(56) എന്നിവരാണ് 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. ഇരുവരും ചേര്‍ന്ന് കിണറിന് സമീപത്തുണ്ടായിരുന്ന മരത്തില്‍ നിന്നും കുരുമുളക് പറിക്കുന്നതിനിടെ ആയിരുന്നു അപകടം. രമേശന്‍ കിണറ്റില്‍ വീഴുന്നതു കണ്ട പത്മം സമീപത്തു നിന്നു കയര്‍ കൊണ്ടു വന്നു. ഓടിയെത്തിയ നാട്ടുകാര്‍ എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ പത്മം തന്നെ കിണറ്റില്‍ ഇറങ്ങി. പകുതി ഇറങ്ങിയപ്പോള്‍ കയര്‍ വഴുതി പത്മവും കിണറ്റിലേക്കു വീഴുക ആയിരുന്നു.
ഈ സമയം നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വീഴ്ചയില്‍ തലയ്ക്കു പരുക്കേറ്റ രമേശനെ അഗ്‌നിരക്ഷാ സേന എത്തും വരെ പത്മം താങ്ങി നിര്‍ത്തി. കിണറ്റില്‍ 5 അടി ഉയരത്തില്‍ മാത്രമാണ് വെള്ളമുണ്ടായിരുന്നത്. കൂടുതല്‍ ചികിത്സയ്ക്കായി ഇരുവരെയും കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.