ടാര്‍ മോഷ്ടിച്ചു കടത്തിയതിന് വിവിധ പൊലീസ് സ്റ്റേഷനില്‍ കേസ്; മോഷണ വസ്തു വാങ്ങിയിരുന്നത് സുഹൃത്തായ കരാറുകാരന്‍; തിരുവല്ല പോലീസിന്റെ അന്വേഷണത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ടാര്‍ മോഷണ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Update: 2025-02-09 18:06 GMT

തിരുവല്ല: ടാര്‍ മോഷ്ടിച്ചു കടത്തിയതിനു സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുള്ള പ്രതി അറസ്റ്റില്‍. തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ഓതറേത്ത് വീട്ടില്‍ സുജേഷ് കുമാര്‍(44) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം പതിനാലിനു രാത്രി എട്ടിനും പിറ്റേന്ന് രാവിലെ 8.30 നുമിടയില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്‍വശത്തെ പവലിയന് സമീപം തിരുവല്ല ടി കെ റോഡ് - പുഷ്പഗിരി റോഡ് ടാര്‍ ചെയ്യാന്‍ സൂക്ഷിച്ചിരുന്ന 15 ടാര്‍ വീപ്പകള്‍ ഇയാളും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് പിക് അപ്പ് വാനില്‍ കടത്തുകയായിരുന്നു. ഒന്നര ലക്ഷം രൂപ വില വരും. തുടര്‍ന്ന് സുഹൃത്തായ കരുനാഗപ്പള്ളിയിലെ ഒരു കരാറുകാരന് വില്‍ക്കുകയും ചെയ്തു.

തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതിയില്‍ ഇയാള്‍ക്കെതിരെ എല്‍.പി വാറന്റ് നിലവിലുണ്ട്. ഇയാളെ ചങ്ങനാശ്ശേരിയില്‍ നിന്നും കഴിഞ്ഞ മൂന്നിന് അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യംചെയ്തിലും അന്വേഷണത്തിലും പ്രതിക്ക് കോട്ടയം, ചങ്ങനാശ്ശേരി, ഉപ്പുതറ, മണ്ണാര്‍ക്കാട്, കൊടുവള്ളി, അയര്‍കുന്നം, പാമ്പാടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ മോഷണത്തിന് കേസ് ഉള്ളതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍, പോലീസ് വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് തിരുവല്ലയില്‍ നിന്നും ടാര്‍ കടത്തിയ കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. താമരശ്ശേരി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും പരിസരങ്ങളിലും നിന്നുമായി ടാര്‍വീപ്പുകള്‍ കൂട്ടാളികള്‍ക്കൊപ്പം മോഷ്ടിച്ച് കരുനാഗപ്പള്ളിയിലെ കരാറുകാരന് വിറ്റ് പണം വാങ്ങിയിട്ടുള്ളതായും സമ്മതിച്ചു. കൊടുവള്ളിയില്‍ നിന്നും 18 വീപ്പ ടാര്‍ കടത്തിയ അതേ വാഹനമാണ് തിരുവല്ലയിലും ടാര്‍ കടത്താന്‍ ഉപയോഗിച്ചത്.

ഇയാളില്‍ നിന്നും ടാര്‍ വാങ്ങിയ കരുനാഗപ്പള്ളി പന്മന കിഴക്കേതില്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാ (53)ലിനെ കേസില്‍ നാലാം പ്രതിയായി ഉള്‍പ്പെടുത്തുകയും, പിറ്റേന്ന് പിടികൂടുകയും ചെയ്തു. നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും,,അവയ്ക്ക് പിന്നാലെ ദിവസങ്ങളോളം അന്വേഷണം തുടരുകയും, തെരച്ചില്‍ വ്യാപകമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശ്രമകരമായ ദൗത്യത്തിലാണ് പ്രതികള്‍ വലയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളായ കൊടുവള്ളി സ്വദേശികള്‍ക്കായി അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. ഡിവൈ.എസ്.പി എസ്. അഷാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍, എസ് ഐ ഡി ബിജു, എസ് സി പി ഓമാരായ അഖിലേഷ് , എം എസ് മനോജ് കുമാര്‍, എന്‍ സുനില്‍, സി പി ഓ അവിനാശ് വിനായകന്‍ എന്നിവരാണ് ഉള്ളത്.

Similar News