ബയോമാലിന്യ നിർമാർജന പ്ലാൻ്റിനെതിരെ അഞ്ചുമല പൈതൃക സംരക്ഷണ സമിതി; ആഘാത പഠന റിപ്പോർട്ട് നൽകിയത് വിശദമായി പരിശോധിക്കാതെ; യൂണിറ്റ് അനുവദിക്കാൻ സർക്കാർ കാണിച്ച വ്യഗ്രത ദുരൂഹമെന്ന് സമിതി ഭാരവാഹികൾ

Update: 2025-03-18 07:13 GMT

പത്തനംതിട്ട: ഏനാദിമംഗലത്ത് കിൻഫ്ര പാർക്കിൽ ബയോമാലിന്യ നിർമാർജന പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് അഞ്ചുമല പൈതൃക സംരക്ഷണ സമിതി. പ്ലാന്റുമായി ബന്ധപ്പെട്ട് നടന്ന ഹിയറിങ്ങിൽ ഒരാൾ പോലും ഈ പദ്ധതിയെ അനുകൂലിച്ചിട്ടില്ല. നൽകിയ പരാതിക്ക് മറുപടിയും കിട്ടിയില്ല. പരാതികൾ ചാക്കിലാക്കി ഓഫിസിന്റെ മൂലയിൽ തള്ളി. പ്ലാന്റ് വരില്ലെന്നാണ് 2024 സെപ്റ്റംബറിൽ നടത്തിയ ഹിയറിങ്ങിൽ നേതാക്കൾ ജനങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ, നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടത്തുകയും ചെയ്തു.

കിൻഫ്ര പാർക്കിൽ വ്യവസായ യൂണിറ്റെന്ന വ്യാജേന മാലിന്യ നിർമാർജന യൂണിറ്റ് അനുവദിക്കാൻ സർക്കാർ കാണിച്ച വ്യഗ്രത ദുരൂഹമാണ്. രാസവസ്‌തുക്കളും റേഡിയോ ആക്ടീവ് വസ്‌തുക്കളും ഭൂമിയിൽ തള്ളുന്ന സ്‌ഥാപനം എങ്ങനെ വ്യവസായ യൂണിറ്റിൻ്റെ പരിധിയിൽ വരുമെന്നു സമിതി ഭാരവാഹികൾ ചോദിച്ചു. നിലവിലെ അവസ്‌ഥ പരിശോധിക്കാതെയാണ് ആഘാത പഠന റിപ്പോർട്ട് നൽകിയത്. ശുദ്ധവായുവും ജലവും കാർഷികോൽപ്പന്നങ്ങളും നശിപ്പിച്ചുള്ള വികസനം ജനോപകാരപ്രദമല്ല.

ഇമേജിൻ്റെ ഉടമസ്‌ഥതയിൽ പാലക്കാട് പുതുശ്ശേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ മാലിന്യ നിർമാർജന പ്ലാന്റിന് ചുറ്റും മലിനീകരണം വലിയ തോതിൽ നടക്കുന്നുണ്ട്. പ്രതിഷേധ സമരങ്ങളും സജീവമാണ്. 26 ഏക്കറിലുള്ള പുതുശ്ശേരിയിലെ പ്ലാന്റിൽ ഇത്ര ഇത്രത്തോളം മലിനീകരണമുള്ളപ്പോൾ 3 ഏക്കറിൽ മാത്രമായി ഏനാദിമംഗലത്ത് സ്‌ഥാപിക്കാൻ നീക്കം നടത്തുന്ന പ്ലാൻ്റ പ്രദേശവാസികൾക്ക് ദുരിതമാകുമെന്നും സമിതി ഭാരവാഹികളായ പി.രവിന്ദ്രൻ നായർ, ആർ.സുധീഷ് കുമാർ, എൻ.കെ.സതികുമാർ, കെ. മൻമഥൻ നായർ, ചന്ദ്രമതി അമ്മ, എ.എൻ.അശോക് കുമാർ, ശംഭു പി.നായർ എന്നിവർ പറഞ്ഞു. 

Tags:    

Similar News