പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കുടിശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി; അതിവേഗം വേണമെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തുക അടിയന്തരമായി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. 2023-24 ലെ കേന്ദ്രവിഹിതത്തിലെ കുടിശിക 280.58 കോടി രൂപയാണ്. 2024-25 ലെ കേന്ദ്രവിഹിതത്തിലെ കുടിശിക 513.54 കോടി രൂപയാണ്. 2025-26 ലേയ്ക്ക് അംഗീകരിച്ച തുക 654.54 കോടി രൂപയുമാണ്. പിഎംശ്രീ പദ്ധതിയില്‍ ഒപ്പു വച്ചില്ലെന്നു പറഞ്ഞ് കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്.
ഒളിമ്പിക്‌സിന്റെ മാതൃകയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കേരള സ്‌കൂള്‍ കായികമേള ഇന്‍ക്ലൂസീവ് ആയി സംഘടിപ്പിച്ചതിന് കേരളത്തെയും സമഗ്ര ശിക്ഷ കേരളയേയും പ്രശംസിക്കുമ്പോള്‍ തന്നെ സമഗ്ര ശിക്ഷ കേരളയ്ക്കുള്ള ഫണ്ട് തടഞ്ഞുവെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. പിഎംശ്രീ ഒരു സമഗ്ര ശിക്ഷാ നിര്‍ദ്ദേശങ്ങളുടെയും ഭാഗമായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 40% സംസ്ഥാന ധനസഹായം ആവശ്യമുള്ള പദ്ധതിയെക്കുറിച്ച് കേരളത്തിന് ന്യായമായ ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും കേന്ദ്രം അവ പരിഹരിക്കാന്‍ തയ്യാറായിട്ടില്ല.
ഭിന്നശേഷിക്കാരായ കുട്ടികളില്‍ ഇത് ചെലുത്തുന്ന സ്വാധീനം അതിലും ആശങ്കാജനകമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം നല്‍കുന്നതിനും കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ പ്രശംസിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, അവരുടെ വിദ്യാഭ്യാസത്തിനും പിന്തുണയ്ക്കും വേണ്ടിയുള്ള ഫണ്ട് തടഞ്ഞുവെയ്ക്കുകയാണ് ചെയ്തത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിന് പ്രതിജ്ഞാബദ്ധമായ കേരള മോഡലിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.