ചെന്നൈയില്‍ നോര്‍ക്ക എന്‍.ആര്‍.കെ മീറ്റ് സംഘടിപ്പിച്ചു: പ്രവാസികള്‍ക്കായി സമഗ്ര ആരോഗ്യ ഇന്‍ഷുന്‍സ് ഈ വര്‍ഷം നടപ്പാക്കുമെന്ന് പി. ശ്രീരാമകൃഷ്ണന്‍
ചെന്നൈയില്‍ നോര്‍ക്ക എന്‍.ആര്‍.കെ മീറ്റ് സംഘടിപ്പിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ പ്രവാസി കേരളീയരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി നോര്‍ക്ക റൂട്ട്സ് ചെന്നൈയില്‍ എന്‍.ആര്‍.കെ മീറ്റ് സംഘടിപ്പിച്ചു. പ്രവാസികേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം ലഭ്യമാക്കുന്ന സമഗ്രആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് മീറ്റ് ഉദ്ഘാടനം ചെയ്ത നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക റൂട്സ് നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ഇടപെടലുകളും സംബന്ധിച്ച് നോര്‍ക്ക റൂട്സ് സിഇഒ അജിത് കോളശേരി വിശദീകരിച്ചു. നോര്‍ക്കയുടെ ബജറ്റിന്റെ 60 ശതമാനവും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വേണ്ടിയുളളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവേശന പരീക്ഷകള്‍ക്ക് ചെന്നെയില്‍ സെന്റര്‍ അനുവദിക്കുക, ചെന്നെയില്‍ കേരളഭവന്‍ ആരംഭിക്കുക, ഉത്സവ കാലങ്ങളില്‍ ചെന്നെയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാ പ്രശ്നത്തിനു പരിഹാരം, കെടിഡിസിയുടെ റെയ്ന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ മലയാളികള്‍ക്ക് നല്‍കി വന്നിരുന്ന നിരക്കിളവ് പുനഃസ്ഥാപിക്കുക, നോര്‍ക്ക റൂട്സ് അസോസിയേഷന്‍ അംഗീകാരത്തിനുള്ള നിബന്ധനകള്‍ ലളിതമാക്കുക, തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ സംഘടന പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും നോര്‍ക്ക അധികൃതര്‍ അറിയിച്ചു. റെയ്ന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ ചേര്‍ന്ന മീറ്റില്‍ എന്‍ആര്‍കെ ഡവലപ്മെന്റ് ഓഫീസര്‍ അനു പി ചാക്കോ സ്വാഗതം ആശംസിച്ചു. മലയാളം മിഷന്‍ തമിഴ്നാട് ചാപ്റ്റര്‍ പ്രസിഡന്റ് എ. വി. അനൂപ്, സി ടി എം എ ജനറല്‍ സെക്രട്ടറി എം. പി. അന്‍വര്‍, മദ്രാസ് കേരള സമാജം പ്രസിഡന്റ് ശിവദാസന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു. ചെന്നൈ, കോയമ്പത്തൂര്‍, ഈറോഡ്, മധുര തുടങ്ങിയിടങ്ങളില്‍ നിന്നുള്ള നൂറ്റിമുപ്പതോളം സംഘടനാ പ്രതിനിധികള്‍ മീറ്റില്‍ പങ്കെടുത്തു. ചെന്നെയിലെ പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നിവേദനം സി ടി എം എ ഭാരവാഹികളായ എം. പി. അന്‍വര്‍, ആര്‍. രാധാകൃഷ്ണന്‍, നന്ദകുമാര്‍ തുടങ്ങിയര്‍ ചേര്‍ന്ന് നോര്‍ക്ക അധികൃതര്‍ക്ക് കൈമാറി.