കേരളത്തിലെ നഗരങ്ങളുടെ 25 വര്‍ഷ വികസന നയം രൂപീകരിക്കും; സംസ്ഥാനതല യുവജന കണ്‍സള്‍ട്ടേഷന്‍ നടക്കും
തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളുടെ വരുന്ന 25 വര്‍ഷത്തെ വികസനവുമായി ബന്ധപ്പെട്ട് നയം രൂപീകരിക്കാനുള്ള നഗര നയ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല യുവജന കണ്‍സള്‍ട്ടേഷന്‍ ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് നടക്കും.
കോഴിക്കോട്, കോട്ടയം, എറണാകുളം എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് മേഖലാതല യുവജന കണ്‍സള്‍ട്ടേഷന്റെ തുടര്‍ച്ചയായാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വച്ച് സംസ്ഥാന തല യുവജന കണ്‍സള്‍ട്ടേഷന്‍ നടക്കുന്നത്. യുവാക്കളുമായി ബന്ധപ്പെട്ട കേരളത്തിലെ വരുംകാല വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയാണ് കണ്‍സള്‍ട്ടേഷന്റെ ഭാഗമായി നടത്തുക. കില അര്‍ബന്‍ പോളിസി സെല്ലിന്റെയും യൂനിസെഫിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ഈ സംസ്ഥാനതല കണ്‍സള്‍ട്ടേഷന്‍ യൂണിവേഴ്സിറ്റി കോളജുമായി ചേര്‍ന്നാണ് നടത്തുന്നത്.
രാവിലെ 9.30 ന് സംസ്ഥാനതല കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കും. 2024 ഡിസംബറിലാണ് അര്‍ബന്‍ പോളിസി കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്. യുവജന സംഘടന പ്രവര്‍ത്തകര്‍, നഗര രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, അക്കാദമിക് രംഗത്തുള്ളവര്‍ എന്നിവര്‍ പങ്കെടുക്കും.