സര്‍ക്കാര്‍ താങ്ങായി; പഠനത്തിനായി വിദേശത്തേക്ക് പറന്നത് പട്ടിക ജാതിയില്‍പ്പെട്ട 770 വിദ്യാര്‍ത്ഥികള്‍
സര്‍ക്കാര്‍ താങ്ങായി; പഠനത്തിനായി വിദേശത്തേക്ക് പറന്നത് പട്ടിക ജാതിയില്‍പ്പെട്ട 770 വിദ്യാര്‍ത്ഥികള്‍
നീലേശ്വരം: സര്‍ക്കാര്‍ സഹായത്തില്‍ വിദേശ പഠനത്തിനായി പറന്നത് പട്ടികജാതിയില്‍പ്പെട്ട പഠനത്തില്‍ മിടുക്കരായ 770 വിദ്യാര്‍ത്ഥികള്‍. പഠനത്തില്‍ മിടുക്കരായിട്ടും വിദേശപഠനത്തിന് പണം വിലങ്ങുതടിയായ മിടുക്കരാണ് പട്ടികജാതി വികസന വകുപ്പിന്റെ വിദേശപഠന പദ്ധതിയിലൂടെ വിദേശത്തേക്ക് പറന്നത്. സ്വപ്നപഠനം പൂര്‍ത്തിയാക്കാന്‍ ഒരു വിദ്യാര്‍ഥിക്ക് പരമാവധി 25 ലക്ഷം രൂപയാണ് വകുപ്പ് സഹായമായി നല്‍കുന്നത്. 2017-ലാണ് പദ്ധതി തുടങ്ങിയത്.
വിദേശത്ത് എല്ലാ ബിരുദാനന്തരബിരുദ കോഴ്‌സുകളും പഠിക്കാന്‍ പദ്ധതിവഴി സാധിക്കും. വാര്‍ഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം രൂപയും 12 ലക്ഷം മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ലക്ഷം രൂപയും 20 ലക്ഷത്തിനുമുകളില്‍ വരുമാനമുള്ളവര്‍ക്ക് 15 ലക്ഷം രൂപയുമാണ് നല്‍കുന്നത്. വിമാനയാത്രാക്കൂലി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ട്യൂഷന്‍ ഫീ, ഹോസ്റ്റല്‍ ഫീ, താമസം, വിസ ചാര്‍ജ് എന്നിവയ്ക്കാണ് പദ്ധതിയില്‍നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നത്.
പട്ടികജാതി വികസന വകുപ്പ് നേരിട്ടാണ് വിദേശപഠന പദ്ധതി നടപ്പാക്കുന്നത്. പണമില്ലാത്ത കാരണത്താല്‍ മിടുക്കരായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിദേശപഠനമെന്ന ആഗ്രഹം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ യു.കെ.യാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നതെന്ന് പട്ടികജാതി വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി.സജീവ് പറഞ്ഞു.