ചേട്ടന്‍ മരിച്ച വിവരം അറിയിക്കാന്‍ അന്വേഷിക്കുന്നതിനിടെ അനുജനും മരിച്ച നിലയില്‍; ഇരുവരുടേയും സംസ്‌ക്കാരം ഒരുമിച്ച് നടത്തും

ചേട്ടന്‍ മരിച്ച വിവരം അറിയിക്കാന്‍ അന്വേഷിക്കുന്നതിനിടെ അനുജനും മരിച്ച നിലയില്‍

Update: 2025-02-24 01:21 GMT

എരുമേലി: ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ സമൂഹമാധ്യമം വഴി അന്വേഷിക്കുന്നതിനിടെ അനുജനെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുങ്കാവയല്‍ ചാത്തനാംകുഴി സി.ആര്‍.മധു (51) ആന്ധ്രയില്‍ ശനിയാഴ്ചയാണു മരിച്ചത്. പെയിന്റിംഗ് ജോലിക്കായി വീട്ടില്‍നിന്നുപോയ അനുജന്‍ സി.ആര്‍.സന്തോഷിനെ (45) മധുവിന്റെ മരണവാര്‍ത്ത അറിയിക്കാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷിന്റെ ചിത്രവും ഫോണ്‍ നമ്പരും പോസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങി. തുടര്‍ന്നു കായംകുളം പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടു.

ഇന്നലെ രാവിലെ കായംകുളം ബസ് സ്റ്റാന്‍ഡിലെ കടയ്ക്കുമുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ക്കു സന്തോഷുമായി സാമ്യമുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് ഫോട്ടോ അയച്ചു നല്‍കി. മരിച്ചത് സന്തോഷ് തന്നെയാണെന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഇരുവരുടെയും സംസ്‌കാരം ഒരുമിച്ച് പിന്നീടു നടത്തും. ആന്ധ്രയില്‍ അധ്യാപകനായിരുന്നു മധു. അസുഖബാധിതനായാണു മരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായിരുന്ന സന്തോഷ് ചങ്ങനാശേരിയിലെ ജോലിയുമായി ബന്ധപ്പെട്ടാണ് ആഴ്ചകള്‍ക്കു മുന്‍പു വീട്ടില്‍നിന്നു പോയത്. മധുവിന്റെ ഭാര്യ: മണി. മകന്‍: ആകാശ് (വിദ്യാര്‍ഥി). സന്തോഷ്‌കുമാറിന്റെ ഭാര്യ: ബീന. മക്കള്‍: ആദര്‍ശ്, അദ്രി (ഇരുവരും വിദ്യാര്‍ഥികള്‍).

Tags:    

Similar News