നമ്പര്‍ പ്ലേറ്റ് ഇല്ലാതെ കറക്കം; റോഡിലെ യാത്രക്കാരെ മുഴുവന്‍ പേടിപ്പിക്കും; പോലിസ് കൈകാണിച്ചാല്‍ നിര്‍ത്തില്ല: രണ്ട് ബൈക്കുകള്‍ പിടികൂടി കനത്ത പിഴയിട്ട് ട്രാഫിക് പോലിസ്

നമ്പര്‍ പ്ലേറ്റ് ഇല്ലാതെ കറക്കം;രണ്ട് ബൈക്കുകള്‍ പിടികൂടി ട്രാഫിക് പോലിസ്

Update: 2025-02-25 04:21 GMT

പത്തനംതിട്ട: നമ്പര്‍ പ്ലേറ്റ് ഇല്ലാതെ യാത്രക്കാരെ ഭീതിയിലാഴ്ത്തി ബൈക്കുമായി റോഡിലൂടെ പാഞ്ഞ് നടന്ന രണ്ട് പേരെ പോലിസ് പിടികൂടി. പോലീസ് കൈ കാണിച്ചാല്‍ നിര്‍ത്താതെ വിലസിനടന്ന ഇവരെപത്തനംതിട്ട ട്രാഫിക് പോലീസാണ് പിടികൂടിയത്.

ചെങ്ങന്നൂര്‍ പെണ്ണൂക്കര ലക്ഷം വീട് കോളനി സ്വദേശി സന്തോഷ് കുമാറിന്റേതാണ് ഒരു ബൈക്ക്. തിങ്കളാഴ്ച സന്തോഷിന്റെ ബൈക്ക് പിടികൂടിയ പത്തനംതിട്ട പോലീസ് 21,500 രൂപയാണ് പിഴയായി എഴുതിക്കൊടുത്തത്. കൈകാണിച്ചിട്ടും നിര്‍ത്താതെ പോലീസിനെ വെട്ടിച്ചുപോയതിന് മൂന്നുതവണ കൊച്ചി സിറ്റിപോലീസ് പിടികൂടിയ ഇതിന് 5000 രൂപവീതം ഓരോ പ്രാവശ്യവും അവിടെ പിഴ ഈടാക്കിയിരുന്നു. മോട്ടോര്‍ വാഹനവകുപ്പും പോലീസും ചുമത്തിയ ആകെ 32,500 രൂപയുടെ പിഴ നേരത്തെയും കിട്ടിയിട്ടുണ്ട്

റാന്നി പഴവങ്ങാടി അടിച്ചിപ്പുഴ അലിമുക്ക് ആശാരിപ്പറമ്പില്‍ വിമല്‍ വികാസിന്റെ ഉടമസ്ഥതയിലുള്ളതാണ് രണ്ടാമത്തെ ബൈക്ക്. ഇതിന് 14,000 രൂപയാണ് പത്തനംതിട്ടക്കാര്‍ ഈടാക്കിയത്. നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാത്തതിനും അപകടകരമായ സഞ്ചാരത്തിനുമാണ് ശിക്ഷ. മോട്ടോര്‍ വാഹനവകുപ്പും പോലീസും പണ്ട് കൊടുത്ത 12,750 രൂപയുടെ പിഴ ഇതിനുമുണ്ട്. ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് എസ്.ഐ. അജി സാമുവലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    

Similar News