ഇന്ത്യയിലെ 100 കോടി ജനങ്ങള്‍ക്കും അത്യാവശ്യത്തിനല്ലാതെ പണമില്ല; ഇഷ്ടം പോലെ പണം ചിലവാക്കാന്‍ സാമ്പത്തിക ശേഷിയുള്ളവര്‍ വളരെ കുറവ്: ധനികര്‍ കൂടുതല്‍ ധനികരാവുന്നതായും റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഇഷ്ടം പോലെ പണം ചിലവാക്കാന്‍ സാമ്പത്തിക ശേഷിയുള്ളവര്‍ വളരെ കുറവ്: ധനികര്‍ കൂടുതല്‍ ധനികരാവുന്നതായും റിപ്പോര്‍ട്ട്

Update: 2025-02-27 02:08 GMT

ഇന്ത്യയില്‍ ധനികര്‍ കൂടുതല്‍ ധനികരായി തുടരുന്നുവെന്നും ഇഷ്ടം പോലെ ചിലവാക്കാന്‍ പണമുള്ളവരുടെ എണ്ണം വളരെ കുറവെന്നും റിപ്പോര്‍ട്ട്. വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 143കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ അടിസ്ഥാന ആവശ്യത്തിനപ്പുറം സാധനങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയുള്ളവരുടെ എണ്ണം വളരെ കുറവാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറമുള്ള സാധനം വാങ്ങാന്‍ ആവശ്യമായ വരുമാനമുള്ളവര്‍ 13-14 കോടി പേര്‍ മാത്രമെന്നാണ് കണക്ക്. അതായത് 143 കോടി ജനങ്ങളില്‍ 100 കോടിയിലധികം പേരും ഇപ്പോഴും സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്നു.

രാജ്യത്തിന്റെ ജിഡിപി വലിയ തോതില്‍ ഉപഭോഗ ചെലവിനെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഉപഭോഗ വിഭാഗം വെറും 14 കോടി മാത്രമാണ്. ഇവരാണ് ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളുടെയും വിപണിയും. പിന്നെയുള്ള 30 കോടി പേരെ എമര്‍ജിങ് കണ്‍സ്യൂമര്‍സ് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ കൂടുതലായി ചെലവഴിക്കുന്നുണ്ടെങ്കിലും ഇപ്പോഴും പണം ചെലവാക്കുന്ന കാര്യത്തില്‍ ഇവര്‍ വളരെ അധികം ശ്രദ്ധാലുക്കളാണ്.

എന്നാല്‍ ഇന്ത്യയിലെ 100 കോടി ജനങ്ങള്‍ക്കും അത്യാവശ്യം സാധനങ്ങള്‍ക്കല്ലാതെ ചെലവഴിക്കാന്‍ പണം തീരെ കയ്യിലില്ല. ഇതിനര്‍ത്ഥം രാജ്യത്ത് സമ്പന്നരുടെ എണ്ണം കുതിച്ചുയരുന്നില്ലെന്നും, ധനികര്‍ വീണ്ടും ധനികരാവുകയാണ് എന്നുമാണ്. രാജ്യത്തെ സമ്പന്നരിലെ ആദ്യ 10% പേര്‍ മൊത്തം വരുമാനത്തിന്റെ 57.7 ശതമാനവും കയ്യാളുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1990ല്‍ ഇത് 34% മാത്രമായിരുന്നു. അന്ന് 22.2% വരുമാനം ഉണ്ടായിരുന്ന നിര്‍ധനരായ 50 ശതമാനം ജനങ്ങള്‍ക്ക് ഇന്നുള്ളത് 15 ശതമാനം വരുമാനമാണ്.

ആഡംബര വീടുകള്‍ പ്രീമിയം സ്മാര്‍ട്‌ഫോണുകള്‍ എന്നിവയുടെ വില്പന ഇതിന് തെളിവാണ്. വിശാല വിപണിയെ ലക്ഷ്യം വെച്ചുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പകരം കമ്പനികള്‍ പ്രീമിയം ഉത്പന്നങ്ങള്‍ക്കു മുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വിപണിയിലെ കാഴ്ച. ബജറ്റ് വീടുകളുടെ വില്‍പ്പനയുടെ വിപണി വിഹിതം അഞ്ചുവര്‍ഷം മുമ്പ് 40% ആയിരുന്നത് ഇപ്പോള്‍ 18% ആയി കുറഞ്ഞു.

Tags:    

Similar News