അവരുടെയെല്ലാം കാലം കഴിഞ്ഞു; ഇനി ജയിലില്‍ പോവുകയാണ് വേണ്ടത്; തഞ്ചം നോക്കി ഇനി വന്നാല്‍ അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും ജനം നേരിടുമെന്ന് എംവി ജയരാജന്‍

Update: 2025-03-04 10:10 GMT

കണ്ണൂര്‍: സ്വര്‍ണ കടത്ത് - ബ്‌ളേഡ് മാഫിയ സംഘങ്ങളായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമൊക്കെ ഇനിയും പുറത്തുവന്നാല്‍ ജനം നേരിട്ടുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പാറക്കണ്ടിയിലെ സി.പി.എം ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവരുടെയെല്ലാം കാലം കഴിഞ്ഞു. ഇനി ജയിലില്‍ പോവുകയാണ് വേണ്ടത്. വേറെയെവിടെയാ അവര്‍ പോകേണ്ടതെന്നും എം.വി ജയരാജന്‍ ചോദിച്ചു. ബ്‌ളേഡ് മാഫിയ സംഘത്തിന്റെ കാലം കഴിഞ്ഞു. ഇനി ആരെങ്കിലും ഒരു തഞ്ചം നോക്കി വരാന്‍ ശ്രമിച്ചാല്‍ ജനം വിടില്ല. അര്‍ജുന്‍ ആയങ്കിയായാലും ആകാശ് തില്ലങ്കേരി യായാലും ശരി അവര്‍ക്കൊന്നും ഇനി ഭാവിയില്ല. കര്‍ശനമായ നടപടി ജനം സ്വീകരിക്കും. പൊലിസ് നിയമനടപടിയും സ്വീകരിക്കും. കോണ്‍ഗ്രസില്‍ അഞ്ച് പേരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ എല്‍.ഡി.എഫില്‍ അങ്ങനെയല്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നണിയും പാര്‍ട്ടിയും സ്വീകരിക്കും. ഏറ്റവും മിടുക്കനായ ആളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്നും അത് ആ സമയത്ത് പാര്‍ട്ടിയും മുന്നണിയും സ്വീകരിക്കുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.

യുവജനങ്ങളില്‍ പിടിമുറുക്കുന്ന ലഹരിക്കും ആക്രമത്തിനുമെതിരെ മാര്‍ച്ച് 10 മുതല്‍ 12 വരെ കണ്ണൂര്‍ ജില്ലയില്‍സി.പി.എം ബോധവല്‍ക്കരണ പദയാത്ര നടത്തുമെന്ന് എം.വി ജയരാജന്‍ പറഞ്ഞു.. വൈകിട്ട് അഞ്ച് മണിക്ക് 236 കേന്ദ്രങ്ങളില്‍ ഒരു ലോക്കലില്‍ നിന്നും മറ്റൊരു ലോക്കലിലേക്കാണ് പദയാത്ര നടത്തുന്നത്. ലഹരിക്കെതിരെ പ്‌ളക്കാര്‍ഡുകള്‍ പിടിച്ചു വിദ്യാര്‍ത്ഥികളും യുവജനങ്ങളും ബഹുജനങ്ങളും പദയാത്രയില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തുമെന്നും ജയരാജന്‍ പറഞ്ഞു. ലഹരി തടയാന്‍ എക്‌സൈസ് - പൊലിസ് വകുപ്പുകള്‍ക്ക് മാത്രം കഴിയില്ല. അവര്‍ നടപടിയെടുക്കുന്നുണ്ടെങ്കിലും അവരെ കൊണ്ടു മാത്രം കഴിയില്ല ലഹരിക്കടിമയായാല്‍ ആ കുട്ടി മാത്രമല്ല കുടുംബവും നശിക്കുമെന്നും എം. വിജയരാജന്‍ പറഞ്ഞു.

Similar News