പിതാവിന്റെ അനുമതിയില്ലാതെ കുട്ടിയെ ദത്ത് നല്‍കാനാവില്ല; കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി
പിതാവിന്റെ അനുമതിയില്ലാതെ കുട്ടിയെ ദത്ത് നല്‍കാനാവില്ല; ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: പിതാവിന്റെ നിയമപരമായ അനുമതിയില്ലാതെ കുട്ടിയെ അമ്മയ്ക്കും രണ്ടാനച്ഛനുമായി ദത്തുനല്‍കാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കുട്ടിയുടെ അമ്മയും അച്ഛനും നിയമപരമായി വിവാഹമോചിതരാണ്. കുട്ടിയുടെ അവകാശത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കെയാണ് മാതാവും രണ്ടാനച്ഛനും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പിതാവിന്റെ അനുമതിയില്ലാതെതന്നെ കുട്ടിയെ തങ്ങള്‍ക്ക് ദത്തുനല്‍കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇക്കാര്യം വ്യക്തമാക്കിയത്.
യഥാര്‍ഥ അച്ഛനോ അമ്മയോ കുട്ടിയെ നിയമപരമായി ഉപേക്ഷിച്ചെങ്കില്‍മാത്രമേ രണ്ടാനച്ഛനോ രണ്ടാനമ്മയ്ക്കോ കുട്ടിയെ ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ എന്ന് കോടതി വ്യക്തമാക്കി. നിലവില്‍ കുട്ടി അമ്മയുടെ സംരക്ഷണയിലാണ് ഉള്ളത്. കുട്ടിയുടെ താത്കാലിക സംരക്ഷണമടക്കമുള്ള അവകാശം പിതാവിനുണ്ട്. ഇതിനിടയില്‍ അമ്മ മറ്റൊരാളെ വിവാഹംകഴിച്ചു. കുട്ടി ഇപ്പോള്‍ ഇവര്‍ക്കൊപ്പമാണ്.
പിതാവ് കുട്ടിയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും അതിനാല്‍ കുട്ടിയെ നിയമപരമായി തങ്ങള്‍ക്ക് ദത്തുനല്‍കണമെന്നും ആവശ്യപ്പെട്ട് രണ്ടാനച്ഛന്‍ ശിശുക്ഷേമസമിതിക്ക് അപേക്ഷ നല്‍കിയെങ്കിലും പിതാവിന്റെ സമ്മതമില്ലെന്നകാരണത്താല്‍ തള്ളി. തുടര്‍ന്നാണ് പിതാവിന്റെ അനുമതിയില്ലാതെതന്നെ ദത്തുനല്‍കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ചെയ്തത്. എന്നാല്‍ കുട്ടിയുടെ പിതാവ് ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു.
കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച തര്‍ക്കം അവസാനിച്ചാല്‍മാത്രമേ ദത്തുനല്‍കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ ഇളവുനല്‍കാന്‍ കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിക്കും കഴിയില്ല -കോടതി വ്യക്തമാക്കി.