ആനത്താരയിലേക്ക് ടൂ വീലര്‍ ഓടിച്ചുകയറ്റി തടസ്സമുണ്ടാക്കി; 24 ന്യൂസ് പ്രതിനിധിയെ വനംവകുപ്പ് താക്കീത് നല്‍കി വിട്ടയച്ചു; ആന ഉറങ്ങുന്നത് പകര്‍ത്തിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ മാപ്പെഴുതിച്ച് വിട്ടയച്ചു; വനംവകുപ്പ് പക വീട്ടുന്നുവെന്ന് നടപടിക്ക് വിധേയരായവര്‍

24 ന്യൂസ് പ്രതിനിധിയെ വനംവകുപ്പ് താക്കീത് നല്‍കി വിട്ടയച്ചു

Update: 2025-03-08 14:40 GMT

തൃശൂര്‍: ആനത്താരയിലേക്ക് ടൂ വീലര്‍ ഓടിച്ചു കയറ്റുകയും ജനവാസ കേന്ദ്രത്തില്‍ നിന്നും ആനയെ തിരിച്ച് ഇറക്കാന്‍ തടസ്സമാകുന്ന രീതിയില്‍ ടൂവീലര്‍ പാര്‍ക്ക് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ വനം വകുപ്പ് താക്കീത് നല്‍കി വിട്ടയച്ചു. ആന ഉറങ്ങുന്നത് വീഡിയോ പകര്‍ത്തിയ മറ്റൊരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെയും വനം വകുപ്പ് മാപ്പെഴുതി വച്ച് വിട്ടയച്ചു.

പരിയാരം റേഞ്ച് ഓഫീസിന് കീഴിലുള്ള ഏഴാറ്റുമുഖം പ്ലാന്റേഷന്‍ തോട്ടത്തിന് സമീപമാണ് രണ്ട് സംഭവങ്ങളും നടന്നിരിക്കുന്നത്. ഏഴാറ്റു മുഖം ഗണപതി എന്ന ആന പരിക്ക് പറ്റിയ നിലയില്‍ കണ്ടെത്തിയ ദിവസമാണ് ട്വന്റി ഫോര്‍ ചാനലിന്റെ പ്രതിനിധി ആനത്താരയിലൂടെ ടൂ വീലര്‍ ഓടിച്ച് ആനയുടെ സമീപത്തേക്ക് പോയത്. ആന ഇയാള്‍ക്ക് നേര്‍ക്ക് തിരിഞ്ഞതോടെ ടൂ വീലര്‍ ആനത്താരയില്‍ വച്ച് ഓടി മാറുകയായിരുന്നു. ആനത്താരയില്‍ ടൂ വീലര്‍ തടസ്സമായി ഇരുന്നതോടെ ആനയ്ക്ക് തിരികെ കേറി പോകാന്‍ കഴിഞ്ഞില്ല. ഇതോടെ വാഹനം വകുപ്പ് കസ്റ്റഡിയിലെടുത്തു. മുകളില്‍ നിന്നും സമ്മര്‍ദ്ദം വന്നതോടെ വാഹനം വിട്ടു നല്‍കുകയും മാധ്യമ പ്രവര്‍ത്തകന് താക്കീത് നല്‍കി വിട്ടയക്കുകയുമായിരുന്നു.



കഴിഞ്ഞ ദിവസമാണ് മറ്റൊരു മാധ്യമ പ്രവനര്‍ത്തകനെ വനം വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്. ആന ഉറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിനായിരുന്നു കസ്റ്റഡിയിലെടുത്തത്. ഇയാളെ മാപ്പ് എഴുതി നല്‍കിയാണ് വിട്ടയച്ചത്. ഇത്തരത്തില്‍ വ്യാപകമായി അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാണെന്നാണ് വനം വകുപ്പ് പറയുന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് കേസെടുത്താല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

അതേ സമയം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വനം വകുപ്പ് പക വീട്ടുകയാണ് എന്നാണ് നപടിക്ക് വിധേയരായവരുടെ വിശദീകരണം. വനം വകുപ്പിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതാണ് വിരോധത്തിന് കാരണം. ആനകള്‍ക്ക് പരിക്ക് പറ്റിയ സംഭവമൊക്കെ പലപ്പോഴും പുറത്തറിയുന്നത് ഇവര്‍ പകര്‍ത്തുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് വനം വകുപ്പിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

Tags:    

Similar News