ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് തെലങ്കാനയില്‍ നടന്ന ദുരഭിമാനക്കൊല; മുഖ്യപ്രതിക്ക് വധശിക്ഷ

തെലങ്കാനയിലെ ദുരഭിമാനക്കൊല; മുഖ്യപ്രതിക്ക് വധശിക്ഷ

Update: 2025-03-11 01:17 GMT

ഹൈദരാബാദ്: ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് തെലങ്കാനയില്‍ ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. വാടകക്കൊലയാളി സുഭാഷ് കുമാര്‍ ശര്‍മയ്ക്കാണ് കോടതി വധശിക്ഷ നല്‍കിയത്. മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2018ല്‍ മിരിയാല്‍ഗുഡയില്‍ നടന്ന ദുരഭിമാനക്കൊലയില്‍ നല്‍ഗൊണ്ട കോടതിയാണ് ശിക്ഷ വിധിച്ചത്.

സമ്പന്ന കുടുംബാംഗമായ അമൃതവര്‍ഷിണിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് പെരുമല്ല പ്രണയ് കുമാര്‍ (23) എന്ന ദളിത് യുവാവിനെ കൊലപ്പെടുത്തിയത്. അമൃത വര്‍ഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നല്‍കി വാടകക്കൊലയാളിയെ ഏര്‍പ്പാടു ചെയ്തത്.

ഗര്‍ഭിണിയായ അമൃതവര്‍ഷിണിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നവഴി 2018 സെപ്റ്റംബര്‍ 14ന് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറു മാസം മുന്‍പ് മാത്രമായിരുന്നു വിവാഹം. 2019 ജനുവരിയില്‍ അമൃതവര്‍ഷിണി ഒരു കുഞ്ഞിന് ജന്മം നല്‍കി. കേസില്‍ അറസ്റ്റിലായ മാരുതി റാവു 2020ല്‍ കുറ്റത്തില്‍ പശ്ചാത്തപിച്ച് കത്തെഴുതി വച്ച ശേഷം ജയിലില്‍ ആത്മഹത്യ ചെയ്തു.

മുഹമ്മദ് അസ്ഗര്‍ അലി, മുഹമ്മദ് അബ്ദുല്‍ ബാരി, അബ്ദുല്‍ കരിം, മാരുതി റാവുവിന്റെ സഹോദരന്‍ ശ്രാവണ്‍ കുമാര്‍, ഡ്രൈവര്‍ എസ്. ശിവ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. 2003ല്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരണ്‍ പാണ്ഡ്യയെ വധിച്ച കേസില്‍ വിട്ടയയ്ക്കപ്പെട്ട പ്രതികളാണ് മുഹമ്മദ് അസ്ഗര്‍ അലി, മുഹമ്മദ് അബ്ദുല്‍ ബാരി എന്നിവര്‍.

Tags:    

Similar News