ആശാ സമരം തീര്‍ക്കാന്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കില്ല; സെക്രട്ടറിയേറ്റ് ഉപരോധത്തിനെ ശക്തമായി നേരിടും; ഏകദിന പരിശീലനം സമ്മര്‍ദ്ദ തന്ത്രം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു മാസത്തിലേറെയായി നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കില്ല. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാകണമെന്ന് ആശ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
തുശ്ചമായ വേതനം കൂട്ടണമെന്ന ന്യായമായ ആവശ്യം അംഗീകരിക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ മുന്‍കൈ എടുക്കില്ല. സമരത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ മാര്‍ച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും. നാളത്തെ ഉപരോധം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും എടുക്കും.
ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധ ദിവസം ഏകദിന പരിശീലനവുമായി എന്‍എച്ച്എം. വിവിധ ജില്ലകളിലെ എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍, പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനം തിങ്കളാഴ്ച നടത്തുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലാണ് പരിശീലനം. പാലിയേറ്റീവ് കെയര്‍ കമ്മ്യൂണിറ്റി നഴ്സ്, സ്റ്റാഫ് നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ മുഖേനയാണ് പരിശീലനം. പങ്കെടുക്കുന്ന ആശ പ്രവര്‍ത്തകരുടെ ഹാജര്‍നില മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് അന്നുതന്നെ ജില്ലാ ഓഫീസില്‍ കൈമാറണമെന്നും ഓര്‍ഡറില്‍ പറയുന്നു. ഇത് ആശാ വര്‍ക്കര്‍മാരെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമാണ്.
ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ചര്‍ച്ച നടത്തുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് ഉപരോധമെന്ന നിയമലംഘനത്തിനു സമരക്കാര്‍ തയാറാകുന്നതെന്ന് അസോസിയേഷന്‍ നേതാവ് എസ്. മിനി പറഞ്ഞു.