ലഹരി വില്‍പ്പനയിലും തട്ടിപ്പ്; എംഡിഎംഎയ്ക്ക് പകരം നല്‍കിയത് കര്‍പ്പൂരം; തെരുവില്‍ തമ്മിലടിച്ച് യുവാക്കള്‍; പൊലീസിനെ വിളിച്ചുവരുത്തി നാട്ടുകാര്‍

എംഡിഎംഎയ്ക്ക് പകരം നല്‍കിയത് കര്‍പ്പൂരം; തെരുവില്‍ തമ്മിലടിച്ച് യുവാക്കള്‍

Update: 2025-03-16 14:34 GMT

മലപ്പുറം: ലഹരിമരുന്നായ എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് ആരോപിച്ച് യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി. ഒതുക്കുങ്ങല്‍ ചോലക്കാട് വളപ്പില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പെട്രോള്‍ പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് പറഞ്ഞത്. വിവരമറിഞ്ഞ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍ കരീം, എന്‍സി കുഞ്ഞിപ്പ എന്നിവരും സ്ഥലത്തെത്തി.

തങ്ങള്‍ക്ക് മുന്നിലും യുവാക്കള്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് അബ്ദുള്‍ കരീം പറഞ്ഞു. പഞ്ചായത്ത് അധികൃതരും നാട്ടുകാരുംചേര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. കോട്ടയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാക്കളില്‍നിന്ന് ലഹരി ഉത്പന്നങ്ങളൊന്നും കണ്ടെത്താനായില്ല.

പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം പൊലീസ് യുവാക്കളെ വിട്ടയച്ചുവെന്ന് അബ്ദുള്‍ കരീം പറഞ്ഞു.

Similar News