അയല്‍വീട്ടിലെ ഗുണ്ടാ ആക്രമണം തടയാനെത്തി; വീട്ടമ്മയ്ക്ക് വെട്ടേറ്റു; മകനുനേരെയുള്ള ആക്രമണം തടയുന്നതിനിടെ
വീട്ടമ്മയ്ക്ക് വെട്ടേറ്റു
തൃശ്ശൂര്‍: താന്ന്യത്ത് ഗുണ്ടാ ആക്രമണം ചെറുക്കുന്നതിനിടെ വീട്ടമ്മയ്ക്ക് വെട്ടേറ്റു. താന്ന്യം സ്വദേശിയായ ലീലയ്ക്കാണ് വെട്ടേറ്റത്. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണിവര്‍ക്ക് വെട്ടേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
ലീല താമസിക്കുന്നതിന് തൊട്ടടുത്ത വീട്ടില്‍ ഒരു സംഘം അക്രമികള്‍ കയറി ബഹളമുണ്ടാക്കി. ഉച്ചത്തിലുള്ള ശബ്ദം കേട്ട് കാരണമന്വേഷിക്കാന്‍ ലീലയുടെ മകന്‍ കയറിച്ചെന്നു. തുടര്‍ന്ന് സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു. മകനെ ഉപദ്രവിക്കുന്നത് തടുക്കുന്നതിനായാണ് ലീല ഇവിടേക്കെത്തിയത്. ഇതോടെ അക്രമികള്‍ ലീലയുടെനേരെ തിരിഞ്ഞു. തുടര്‍ന്ന് നടന്ന അക്രമത്തിനിടെയാണ് ലീലയ്ക്ക് വെട്ടേറ്റത്.
വടിവാളുകളുമായി ബൈക്കിലെത്തിയ മൂന്നുപേര്‍ റോഡിലൂടെ ഇറങ്ങിനടക്കുന്നുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ തേടിയാണ് അക്രമികള്‍ എത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇയാളുടെ താന്ന്യം തോട്ടാന്‍ചിറയിലെ വീട്ടിലും അക്രമിസംഘം എത്തിയിരുന്നെന്നാണ് വിവരം.
പ്രതികള്‍ക്കായി അന്തിക്കാട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചെമ്മാപ്പള്ളി ഭാഗത്തുള്ളവരാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടകളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.