മോഷ്ടിച്ച ജീപ്പ് തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍ക്കാന്‍ ശ്രമം; പ്രതികളായ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലിസ്

മോഷ്ടിച്ച ജീപ്പ് തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍ക്കാന്‍ ശ്രമം; പ്രതികളായ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലിസ്

Update: 2025-03-18 01:12 GMT

കട്ടപ്പന: മോഷ്ടിച്ചു കടത്തിയ ജീപ്പ് തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍ക്കാന്‍ ശ്രമിച്ച പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി വണ്ടന്‍മേട് പൊലീസ്. അണക്കരയില്‍ നിന്ന് മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ചുവില്‍ക്കാന്‍ ശ്രമിക്കവെയാണ് മൂന്നു പേരും കേരളാ പോലിസിന്റെ പിടിയിലായത്. കുമളി റോസാപ്പൂക്കണ്ടം ദേവികഭവന്‍ ജിഷ്ണു(34), തമിഴ്നാട് ഉത്തമപാളയം ഗൂഡല്ലൂര്‍ സ്വദേശിയും കുമളി താമരക്കണ്ടം ഗാന്ധിനഗര്‍ കോളനിയില്‍ താമസിക്കുന്നയാളുമായ ഭുവനേഷ്(അഭിനേഷ്-22), കുമളി റോസാപ്പൂക്കണ്ടം മേട്ടില്‍ അജിത്ത്(24) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 11ന് മറ്റൊരു ജീപ്പും മോഷ്ടിക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ അണക്കര പാമ്പുപാറ മൂലേപള്ളത്ത് കുഞ്ഞുമോന്‍ ഐസക്കിന്റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് പ്രതികള്‍ മോഷ്ടിച്ചത്. വീടിനു സമീപം റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനം തള്ളി സ്റ്റാര്‍ട്ടാക്കിയ ശേഷം കടത്തിക്കൊണ്ടുപോകുകയായിരുന്നു.

പ്രതികളില്‍ ഒരാളുടെ ബന്ധുവിന്റെ ജീപ്പിലാണ് മൂവരും മോഷണത്തിന് എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഘം പ്രതികള്‍ എത്തിയ വാഹനം കുമളി കടന്നുപോയിട്ടില്ലെന്ന് മനസ്സിലാക്കി. തുടര്‍ന്ന് വാഹന ഉടമയെ കണ്ടെത്തിയതോടെ പ്രതികളെ തിരിച്ചറിഞ്ഞു. ഈ വിവരമറിഞ്ഞ പ്രതികള്‍ വാഹനം ഉത്തമപാളയത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിന്നീട് കുമളിയിലെത്തിയ ജിഷ്ണുവിനെ പൊലീസ് പിടികൂടിയതോടെയാണ് വാഹനവും മറ്റു രണ്ടുപേരെയും കണ്ടെത്താനായത്.

കഞ്ചാവ്, ചെക്ക് കേസുകളിലടക്കം ജിഷ്ണു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം വണ്ടന്‍മേട് എസ്എച്ച്ഒ എ.ഷൈന്‍കുമാര്‍, എസ്ഐമാരായ ബിനോയി ഏബ്രഹാം, കെ.അശോകന്‍, സിപിഒമാരായ ആര്‍.ജയ്മോന്‍, എന്‍.ജയന്‍, ബിനു കെ.ജോണ്‍, സാല്‍ജോമോന്‍, അരുണ്‍ പീതാംബരന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News