കലൂര്‍ മെട്രോ സ്റ്റേഷന് മുന്നില്‍ നിന്നും കലൂര്‍ ജങ്ഷന്‍ വരെ ആംബുലന്‍സിന് വഴി മുടക്കി സ്‌കൂട്ടര്‍ യാത്ര; യുവതിയുടെ ലൈസന്‍സ് റദ്ദാക്കി; ഏഴായിരം രൂപ പിഴ

ആംബുലന്‍സിന് വഴിമുടക്കി സ്‌കൂട്ടര്‍ ഓടിച്ച യുവതിയുടെ ലൈസന്‍സ് റദ്ദാക്കി

Update: 2025-03-18 13:57 GMT

കൊച്ചി: കൊച്ചിയില്‍ ആംബുലന്‍സിന് വഴിമുടക്കി സ്‌കൂട്ടര്‍ ഓടിച്ച യുവതിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. യുവതിയുടെ ലൈസന്‍സ് 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും ഏഴായിരം രൂപ പിഴ ഈടാക്കിയതായും മോട്ടോര്‍ വാഹന വുകപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൊച്ചി കലൂര്‍ മെട്രോ സ്റ്റേഷന് മുന്നില്‍ നിന്ന് കലൂര്‍ ജങ്ഷന്‍ വരെ ആംബുലന്‍സിന് വഴി മുടക്കി യുവതി സ്‌കൂട്ടര്‍ ഓടിച്ചത്. ഗുരുതരാവസ്ഥയിലായ രോഗിയെ ആലുവയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സിനാണ് യുവതി വഴി തടസമുണ്ടാക്കിയത്.

ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചത്. സൈറണ്‍ മുഴക്കിയെത്തിയ ആംബുലന്‍സ് ഹോണടിച്ചിട്ടും യുവതി വഴിനല്‍കാന്‍ തയാറായില്ലെന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കൈപ്പത്തി അറ്റ രോഗിയുമായി അടിയന്തര ശസ്ത്രക്രിയയ്ക്കായി പോകുകയായിരുന്നു ആംബുലന്‍സ്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ് യുവതി ഓടിച്ച സ്‌കൂട്ടര്‍.

കഴിഞ്ഞ ദിവസം യുവതിയെ മോട്ടോര്‍ വാഹന വകുപ്പ് വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതും പിഴ ഈടാക്കിയതും. സാമൂഹ്യ സേവനം ചെയ്യാനുള്ള നിര്‍ദേശം യുവതിക്ക് നല്‍കുമെന്നും എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയുടെ ദൃശ്യങ്ങള്‍ ആംബുലന്‍സ് ഡ്രൈവര്‍ പകര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി

Tags:    

Similar News