മണിപ്പുരിലെ ചുരാചന്ദ്പുരില്‍ കുക്കി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം; വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പുരിലെ ചുരാചന്ദ്പുരില്‍ കുക്കി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം; വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Update: 2025-03-20 01:06 GMT

കൊല്‍ക്കത്ത: മണിപ്പുരിലെ ചുരാചന്ദ്പുരില്‍ കുക്കി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ നാലു ദിവസമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജില്ലയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. കുക്കി-സോ ഗോത്രവിഭാഗങ്ങളുടെ ഉപഗോത്രങ്ങളായ മാര്‍ ഗോത്രവും സോമി ഗോത്രവും തമ്മിലാണ് സംഘര്‍ഷം. ഇരുവിഭാഗങ്ങളും തമ്മില്‍ സമാധാനക്കരാര്‍ ഒപ്പിട്ടതിനു തൊട്ടുപിന്നാലെയാണ് വീണ്ടും കലാപമുണ്ടായത്.

മാര്‍ ഗോത്രത്തിന് ഭൂരിപക്ഷമുള്ള മേഖലയില്‍ സോമി സായുധ സംഘടനയുടെ പതാക ഉയര്‍ത്തിയത് സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലും വെടിവെയ്പ്പിലുമെത്തിയത്. മാര്‍ ഗോത്രവിഭാഗക്കാരനായ ലാല്‍റോപി പക്കുമേറ്റ് (53) ആണ് കൊല്ലപ്പെട്ടത്. ഇരുവിഭാഗത്തിലും പെട്ട സായുധ ഗ്രൂപ്പുകള്‍ പരസ്പരം വെടിവച്ചതോടെ പ്രദേശം യുദ്ധക്കളമായി. പൊലീസും കേന്ദ്രസേനയും ആകാശത്തേക്ക് വെടിവച്ചും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉപയോഗിച്ചുമാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്.

പൊലീസും കേന്ദ്രസേനയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി.മാര്‍ ഗോത്ര നേതാവായ റിച്ചാര്‍ഡ് താല്‍തന്‍പിയെ കഴിഞ്ഞ ഞായറാഴ്ച സോമി വിഭാഗക്കാര്‍ മര്‍ദിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മണിപ്പുര്‍ കലാപത്തില്‍ മാര്‍, സോമി ഉള്‍പ്പെടെയുള്ള വിവിധ കുക്കി-സോ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായിരുന്നു.

Tags:    

Similar News