ഫിഷ് ലാന്‍ഡിങ്ങ് കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ സിസിടിവി ഉള്‍പ്പെടെയുടെ സംവിധാനങ്ങള്‍ ആവശ്യം; തീരദേശ സുരക്ഷ: അവലോകന യോഗം ചേര്‍ന്നു

Update: 2025-03-25 10:08 GMT

കൊച്ചി: എറണാകുളം ജില്ലയിലെ തീരദേശങ്ങളുടേയും തുറമുഖങ്ങളുടെയും സുരക്ഷക്കായി സ്വീകരിച്ച നടപടികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്. കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഫിഷ് ലാന്‍ഡിങ്ങ് കേന്ദ്രങ്ങളുടെ ( എഫ്. എല്‍.സി) സുരക്ഷ ശക്തമാക്കാന്‍ സി.സി.ടി.വി. ഉള്‍പ്പെടെയുടെ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ ജില്ലാ കളക്ടര്‍ അത്തരം സംവിധാനങ്ങള്‍ ഇല്ലാത്തിടത്ത് അതു സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

മീന്‍പിടിത്ത മേഖലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളില്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്കും ഫിഷറീസ് വകുപ്പുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. മീന്‍പിടിത്ത ബോട്ടുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നടപ്പിലാക്കാത്ത ബോട്ടുടമകള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും, 100 ശതമാനം ബോട്ടുകളിലും ഏകീകൃത നിറം നടപ്പിലാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

തുറമുഖങ്ങളിലും തീര പ്രദേശങ്ങളിലും മയക്കുമരുന്നിനെതിരെയുള്ള പരിശോധനകള്‍ ശക്തമാക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര, ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, ഐ. ബി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, പോലീസ്, ഫിഷറീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News