ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ പ്രഭാവതി അമ്മയെ അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍; ഇത്തരം തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ പ്രഭാവതി അമ്മയെ അഭിനന്ദിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നല്ല കാര്യമാണ് പ്രഭാവതി അമ്മ ചെയ്തത്. നിയമം ലംഘിച്ച് എത്തിയ സ്‌കൂട്ടര്‍ യാത്രികനോട് മാന്യമായിട്ടാണ് ഇടപ്പെട്ടത്. ഫുട്പാത്ത് നടന്നു പോകാനുള്ളതാണ്. അവിടെ വണ്ടിയോടിക്കാനുള്ളതല്ല. അമ്മ പ്രതികരിച്ച രീതിയോടെ ബഹുമാനുണ്ട്. ഇത്തരം തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം. പ്രഭാവതി അമ്മയെ അഭിന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക്ക് സിഗ്‌നലിന് സമീപമായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്നുവരുമ്പോള്‍ സി?ഗിനല്‍ മറികടക്കാന്‍ ഫുട്പാത്തിലേക്ക് കയറ്റിയ സ്‌കൂട്ടര്‍ കോഴിക്കോട് ചാലപ്പുറം സ്വദേശിയായ പ്രഭാവതി അമ്മ തടയുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികന്‍ കയര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോഴും അവര്‍ പിന്മാറിയില്ല. കാലുകള്‍കൊണ്ട് വാഹനം തടഞ്ഞു. വീണ്ടും സ്‌കൂട്ടറുമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണെടുത്ത് ദൃശ്യം പകര്‍ത്താന്‍ തുടങ്ങി. ഇതോടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ പിന്‍വാങ്ങിയത്.
സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്ന് ചിത്രീകരിച്ച വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വയോധികയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. പവര്‍ഫുള്ളാണ് ഈ അമ്മ, ഡിജിറ്റല്‍ കേരള വെല്ലിമ്മിച്ചി ലാസ്റ്റ് ഫോണ്‍ എടുത്തു ഇതാണ് കരുത്തുറ്റ സ്ത്രീ.., പ്രതികരണശേഷി നഷ്ടപ്പെടാത്ത ഈ അമ്മച്ചിയാണ് എന്റെ ഹീറോ100 കുതിരപ്പവന്‍ തുടങ്ങിയ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.