ആര്‍സിസിയില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി; സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ഇതാദ്യം

ആര്‍സിസിയില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി;

Update: 2025-03-31 03:48 GMT

തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തി. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ഇതാദ്യമായാണ് കാന്‍സറിന് റോബോട്ടിക് സര്‍ജറി നടത്തുന്നത്. ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ മൂന്നുവയസ്സുകാരന് റോബോട്ടിക് സര്‍ജറി നടത്തിയത്.

ഇടത് അഡ്രീനല്‍ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീര്‍ണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സര്‍ജറി വിജയകരമായി നടത്തിയ ആര്‍സിസിയിലെ മുഴുവന്‍ ടീം അംഗങ്ങളെയും മന്ത്രി വീണാജോര്‍ജ് അഭിനന്ദിച്ചു.

ഡോ. ഷാജി തോമസ്, ഡോ. ശിവരഞ്ജിത്ത്, ഡോ. അശ്വിന്‍, ഡോ. ദിനേശ്, ഡോ. മേരി തോമസ്, ഡോ. പ്രിയ, ഹെഡ് നഴ്സ് ഇന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് സര്‍ജറിക്കു നേതൃത്വം നല്‍കിയത്.

കൃത്യതയ്ക്കും മികച്ച ഫലത്തിനും പേരുകേട്ട റോബോട്ടിക് സര്‍ജറിക്കു രോഗിയുടെ വേദന കുറയ്ക്കുക, രക്തസ്രാവം കുറയ്ക്കുക, വേഗത്തിലുള്ള രോഗമുക്തി എന്നിവ ഉള്‍പ്പെടെ നിരവധി ഗുണങ്ങളുണ്ട്.

Tags:    

Similar News