ബഹിരാകാശ നിലയത്തില്‍ ഒരിക്കല്‍പ്പോലും നിരാശരായിരുന്നില്ല; സ്റ്റാര്‍ലൈനറില്‍ വീണ്ടും പറക്കും: ലോകമാകെ നല്‍കിയ പിന്തുണ അത്ഭുതപ്പെടുത്തി: മാധ്യമങ്ങളെ കണ്ട് സുനിതാ വില്യംസും ബുച്ച് വില്‍മോറും
സ്റ്റാര്‍ലൈനറില്‍ വീണ്ടും പറക്കും; മാധ്യമങ്ങളെ കണ്ട് സുനിതാ വില്യംസും ബുച്ച് വില്‍മോറും
ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി രണ്ടാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട് സുനിതാ വില്യംസും ബുച്ച് വില്‍മോറും. ആരോഗ്യം വീണ്ടെടുത്തതായി അറിയിച്ച ഇരുവരും ലോകമാകെ നല്‍കിയ പിന്തുണ അത്ഭുതപ്പെടുത്തിയതായും പറഞ്ഞു. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി 12 ദിവസത്തിനു ശേഷമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയെന്ന പ്രചരണം തെറ്റാണെന്ന് പറഞ്ഞ ഇരുവരും സ്റ്റാര്‍ലൈനറില്‍ വീണ്ടും പറക്കുമെന്നും അറിയിച്ചു. ക്രൂ-9 ന്റെ ഭാഗമായിരുന്ന നിക്‌ഹേഗും വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്നു. 286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം മാര്‍ച്ച് 18 നാണ് സുനിത വില്യംസും, ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നില്‍ക്കുമ്പോള്‍ ജോലിയില്‍ മാത്രമാണ് ശ്രദ്ധിച്ചത്. ബഹിരാകാശ നിലയത്തില്‍ ഒരിക്കല്‍പ്പോലും തങ്ങള്‍ നിരാശരായിരുന്നില്ല. ദൗത്യങ്ങള്‍ തുടരുന്നതിനാല്‍ തിരിച്ചുവരവിന്റെ കാര്യത്തില്‍ ആശങ്കയേ ഉണ്ടായിരുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ശക്തനായി തോന്നിയത് ഈ ബഹിരാകാശ ജീവിതത്തിലായിരുന്നുവെന്ന് ബുച്ച് വില്‍മോര്‍ വിശേഷിപ്പിച്ചു. ഇപ്പോഴും ലോകമാകെ ഞങ്ങളുടെ കാര്യത്തില്‍ ഇത്രയും ശ്രദ്ധ നല്‍കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും ഇരുവരും പറഞ്ഞു.
ബോയിംഗ് സ്റ്റാര്‍ലൈനര്‍ മികച്ച പേടകമാണ്. അത് ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് കരുത്ത് പകരും. സ്റ്റാര്‍ലൈനര്‍ ബഹിരാകാശ വാഹനത്തില്‍ വീണ്ടും പറക്കുമെന്നും കഴിഞ്ഞ യാത്രയില്‍ നേരിട്ട പോരായ്മകള്‍ പരിഹരിക്കുമെന്നും ബുച്ച് വില്‍മോറും, സുനിത വില്യംസും പറഞ്ഞു. രണ്ടാഴ്ച കൊണ്ട് ആരോഗ്യം വീണ്ടെടുത്തതായി സുനിത വില്യംസ് പറഞ്ഞു. ജോലിയില്‍ മാത്രം ശ്രദ്ധിച്ചിരുന്നതിനാല്‍ ഭൂമിയിലെ വിവാദങ്ങള്‍ ആ സമയത്ത് ശ്രദ്ധിച്ചതേയില്ലന്നും ഇരുവരും പറഞ്ഞു.
ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയെയും സുനിത വില്യംസ് പ്രശംസിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇന്ത്യയുടെ ഭംഗിയും സുനിത വര്‍ണിച്ചു. തന്റെ പിതാവിന്റെ രാജ്യമായ ഇന്ത്യയിലേക്കെത്തുമെന്നും സുനിതാവില്യംസ് പറഞ്ഞു. ഇന്ത്യന്‍ യാത്രയില്‍ സഹയാത്രികരെയും കൂടെക്കൊണ്ടുപോകുമോയെന്നായിരുന്നു ബുച്ച് വില്‍മോറിന്റെ ചോദ്യം. 286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം മാര്‍ച്ച് 18 നാണ് സുനിത വില്യംസും, ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയത്.