മരിച്ചയാളുടെ പേഴ്സില്‍നിന്ന് മൂവായിരം രൂപ മോഷ്ടിച്ച സംഭവം; എസ്.ഐക്കെതിരെ കടുത്ത നടപടിക്ക് സാധ്യത
മരിച്ചയാളുടെ പേഴ്സില്‍നിന്ന് മൂവായിരം രൂപ മോഷ്ടിച്ച സംഭവം; എസ്.ഐക്കെതിരെ കടുത്ത നടപടിക്ക് സാധ്യത
ആലുവ: മരിച്ചയാളുടെ പേഴ്സില്‍നിന്ന് മൂവായിരം രൂപ മോഷ്ടിച്ച സംഭവത്തില്‍ ആലുവ സ്റ്റേഷനിലെ എസ്ഐ പി.എം. സലീമിനെതിരേ കടുത്ത നടപടിക്ക് സാധ്യത. വകുപ്പുതല അന്വേഷണത്തില്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതിനാല്‍ സലീമിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. വര്‍ഗീസിനോട് എസ്പി. ഡോ. വൈഭവ് സക്സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാലുടന്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
സര്‍വീസില്‍നിന്ന് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടായേക്കാമെന്നാണ് സൂചന. മാതൃകയാകേണ്ട ജോലി ചെയ്യുമ്പോള്‍ സ്റ്റേഷനകത്തുതന്നെ മോഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ സ്വഭാവ ദൂഷ്യത്തെ ഗൗരവമായിട്ടാണ് അധികാരികള്‍ എടുത്തിരിക്കുന്നത്. സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ആലുവ ഡിവൈഎസ്പി പി.ആര്‍. രാജേഷിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. നേരത്തേയും ശിക്ഷാനടപടികളുടെ ഭാഗമായി സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ സലീമിന് ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് 19-ന് ട്രെയിനില്‍നിന്ന് വീണുമരിച്ച അസം സ്വദേശി ജിതുല്‍ ഗോഗോയ് (27) യുടെ വസ്തുക്കള്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു.
21-നു പുലര്‍ച്ചെ 5.20-നാണ് ജിതുലിന്റെ പേഴ്സില്‍ ഉണ്ടായിരുന്ന 8000 രൂപയില്‍ 3000 രൂപ എസ്ഐ പി.എം. സലീം മോഷ്ടിക്കുന്നത്. സലീമിനായിരുന്നു ഈ സമയത്ത് സ്റ്റേഷന്‍ ചുമതല. മറ്റ് ഉദ്യോഗസ്ഥര്‍ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. ഇന്‍ക്വസ്റ്റ് സമയത്ത് ജിതുലിന്റെ പണവും മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും കൃത്യമായി രേഖപ്പെടുത്തി രസീതാക്കിയിരുന്നു. ബന്ധുക്കള്‍ക്ക് നല്‍കാനായി ഇവ വീണ്ടും പരിശോധിച്ചപ്പോഴാണ് തുകയില്‍ കുറവ് കണ്ടെത്തിയത്. സ്റ്റേഷനകത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ സലീം പണമെടുക്കുന്നത് കണ്ടെത്തുകയും ചെയ്തു.