കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സ്‌കൂളില്‍ സൂംബ ഡാന്‍സ്; മുഖ്യമന്ത്രിയുടെ നിര്‍ദേശം കയ്യടിച്ച് സ്വീകരിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി
സ്‌കൂളില്‍ സൂംബ ഡാന്‍സ്; മുഖ്യമന്ത്രിയുടെ നിര്‍ദേശം കയ്യടിച്ച് സ്വീകരിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പഠനഭാരം കാരണം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന മാനസികസമ്മര്‍ദം കുറയ്ക്കാന്‍ സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി. വരുന്ന അധ്യായന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനായി സിലബസ് പരിഷ്‌കരണവും ടൈംടേബിള്‍ മാറ്റവും ആലോചനയിലെന്നും മന്ത്രി വ്യക്തമാക്കി. ലഹരിയെ നേരിടാനുള്ള യോഗത്തിലെ നിര്‍ദേശങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്നത്. ലഹരിക്കെതിരേയുള്ള കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ 'ബാല്യത്തിനും യുവത്വത്തിനും ഒപ്പം സര്‍ക്കാര്‍' എന്നപേരില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിദഗ്ധരുടെ യോഗത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള നിര്‍ദേശമായാണ് മുഖ്യമന്ത്രി സൂംബാ ഡാന്‍സ് മുന്നോട്ട് വെച്ചത്. കയ്യടിച്ച് സ്വീകരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി. സ്‌കൂള്‍ തുറക്കുമ്പോള്‍ മുതല്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സൂംബ കളിപ്പിക്കാനാണ് തീരുമാനം. സൂംബ പരിശീലകരെ ഉപയോഗിച്ച് താല്‍പര്യമുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കി രംഗത്തിറക്കും. മറ്റിടങ്ങളില്‍ പരിശീലകരെ നിയോഗിക്കും.
ആദ്യഘട്ടമെന്ന നിലയില്‍ ഒരു മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് മോഡല്‍ തയാറാക്കും. അത് മറ്റ് ജില്ലകളിലേക്ക് കൈമാറും. ലഹരിവിരുദ്ധ കര്‍മപരിപാടിയിലെ പരിഷ്‌കാരം സൂംബയില്‍ ഒതുങ്ങില്ല. പഠനത്തിന് പുറത്തുള്ള കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്ന തരത്തില്‍ ടൈംടേബിള്‍ പരിഷ്‌കരിക്കും. മാറുന്ന കാലത്തെ കുട്ടികളെ മനസിലാക്കുന്ന തരത്തില്‍ സിലബസും അധ്യാപകരുടെ പരിശീലനവും മാറ്റും. കുട്ടികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കുന്നത് കര്‍ശനമാക്കും.