യഥാര്‍ത്ഥ ആപ്പെന്ന് കരുതി മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തത് ബാങ്കിന്റെ വ്യാജ ആപ്പ്; ഡ്രൈവിങ് സ്‌കൂള്‍ ഉടമയ്ക്ക് നഷ്ടമായത് നാല് ലക്ഷം രൂപ

ബാങ്കിന്റെ വ്യാജ മൊബൈൽ ആപ്പ് ഉപയോഗിച്ച് ഡ്രൈവിങ് സ്‌കൂൾ ഉടമയുടെ നാലുലക്ഷം തട്ടി

Update: 2025-09-19 02:42 GMT

തൃപ്രയാര്‍: ബാങ്കിന്റെ ആപ്പെന്ന് കരുതി വ്യാജ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത തൃപ്രയാറിലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമയ്ക്ക് നാലു ലക്ഷം രൂപ നഷ്ടമായി. തൃപ്രയാര്‍ ലൈറ്റ് ഡ്രൈവിങ് സ്‌കൂള്‍ ഉടമ പെരിങ്ങോട്ടുകര സ്വദേശി പ്രദീപിനാണ് പണം നഷ്ടമായത്. മൊബൈല്‍ ഫോണില്‍ ബാങ്കിന്റെ ആപ്പ് മുഖേന ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാനായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോഴാണ് തട്ടിപ്പ് നടന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷമായിരുന്നു സംഭവം. എട്ടുതവണയായി നാലുലക്ഷത്തി മൂവായിരത്തോളം രൂപ നഷ്ടപ്പെട്ടു. ബാലന്‍സ് പരിശോധിക്കാനുള്ള ശ്രമത്തിനിടെ ഫോണ്‍ ഹാക്ക് ചെയ്ത് തട്ടിപ്പ് നടന്നുവെന്നാണ് സംശയിക്കുന്നത്. ഒടിപി ഉള്‍പ്പെടെ പങ്കുവയ്ക്കാനുള്ള നിര്‍ദേശം അനുസരിച്ചതാണ് വിനയായത്. ആദ്യതവണ പണം നഷ്ടപ്പെട്ട ഉടനെ ബാങ്കില്‍നിന്ന് പമം പോയതായി ഇവര്‍ക്ക് അറിയിപ്പ് വന്നു. ഇതോടെ അങ്കലാപ്പിലായ പ്രദീപ് അക്കൗണ്ട് മരവിപ്പിക്കുന്നതിനായി ഉടന്‍ ബാങ്കിലെത്തി.

എന്നാല്‍ അക്കൗണ്ട് മരവിപ്പിക്കുന്നതിനുമുന്‍പായി നാലുലക്ഷത്തില്‍ താഴെയുള്ള തുക നഷ്ടപ്പെട്ടു. അക്കൗണ്ട് മരവിപ്പിച്ചശേഷവും 25,000 രൂപ നഷ്ടപ്പെട്ടതായി പ്രദീപ് പറഞ്ഞു. എടിഎം കാര്‍ഡ്, ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവ വഴിയാണ് മോഷ്ടാക്കള്‍ പണം പിന്‍വലിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പണം നഷ്ടപ്പെട്ടതിനുശേഷവും വിവിധ നമ്പറുകളില്‍നിന്നും ഫോണ്‍വിളികള്‍ വഴിയും വാട്സ്ആപ്പ് സന്ദേശങ്ങള്‍ വഴിയും നിരന്തരം മോഷ്ടാക്കള്‍ ബന്ധപ്പെട്ടതായി പറയുന്നു.

ബാങ്കിന്റെ പ്രതിനിധി എന്ന വ്യാജേനെയാണ് ഇവര്‍ വിളിച്ചിരുന്നത്. നഷ്ടപ്പെട്ട തുക തിരിച്ച് അയയ്ക്കാമെന്നും അതിന്റെ ടാക്‌സ് ഇനത്തില്‍ കുറച്ച് തുകകൂടി അയയ്ക്കണമെന്നും പറഞ്ഞു. ഫോണ്‍ വിളിച്ചതില്‍ ഒരു മലയാളിയും ഉള്ളതായി ഇദ്ദേഹം പറഞ്ഞു. ത്ധാര്‍ഖണ്ഡില്‍നിന്നാണ് തട്ടിപ്പ് നടന്നതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. പോലീസ് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News