രണ്ട് ദിവസം മുമ്പ് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിന്നാലെ പോലിസ് ട്രെയിനി ക്യാമ്പില്‍ തൂങ്ങി മരിച്ച നിലയില്‍: ആത്മഹത്യയിലേക്ക് നയിച്ചത് മാനസിക വിഷമമെന്ന് ബന്ധുക്കള്‍

പോലിസ് ട്രെയിനി ക്യാമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2025-09-19 00:43 GMT

തിരുവനന്തപുരം: പോലീസ് ട്രെയിനിയെ പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. രണ്ടു ദിവസം മുന്‍പ് കൈത്തണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച വിതുര കരിപ്പാലം അരവിന്ദ് ഭവനില്‍ ആനന്ദി(24)നെയാണ് വ്യാഴാഴ്ച രാവിലെ ക്യാമ്പിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആനന്ദ് മൂന്നുമാസം മുന്‍പാണ് പരിശീലനത്തിനെത്തിയത്.

ആനന്ദിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് മാനസിക വിഷമമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആനന്ദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പേരൂര്‍ക്കട പോലീസില്‍ പരാതിനല്‍കി.

എന്നാല്‍, ആനന്ദിന് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. രണ്ട് ദിവസം മുമ്പ് ആനന്ദ് കൈത്തണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചെന്ന് അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് അമ്മ ചന്ദ്രികയും സഹോദരന്‍ അരവിന്ദും ക്യാമ്പിലെത്തി ആനന്ദിനെ കണ്ടിരുന്നു. എന്നാല്‍, ആനന്ദിനെ വീട്ടിലേക്കു വിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

കൈത്തണ്ട മുറിച്ചതിനെ തുടര്‍ന്ന് കമാന്‍ഡിങ് ഓഫീസര്‍ ആനന്ദിനെ വീട്ടിലേക്കു വിടാന്‍ ശുപാര്‍ശചെയ്തെങ്കിലും ഡിഐജി ഓഫീസില്‍നിന്നു വാക്കാല്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. പിന്നാലെയാണ് ആനന്ദ് തൂങ്ങി മരിച്ചത്.

ഏതാനും ദിവസം മുന്‍പ് പരിശീലനത്തിനിടയില്‍ ആനന്ദിന് ഗ്രൗണ്ടിനു ചുറ്റും ചാടിക്കുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ നല്‍കിയിരുന്നതായും ഇതിലെ മാനസികവിഷമമാണ് ആത്മഹത്യക്കു കാരണമെന്നും ബന്ധുക്കള്‍ പറയുന്നു. ഇതെല്ലാം കാണിച്ച് പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതിനല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. പരേതനായ അശോകന്‍ കാണിയാണ് അച്ഛന്‍.

Tags:    

Similar News