നെടുപുഴ ഗവ. പോളിടെക്‌നിക് ഇന്‍സ്ട്രക്ടര്‍ക്കെതിരെ പീഡനാരോപണം ഉന്നയിച്ചത് 29 വിദ്യാര്‍ത്ഥിനികള്‍; ആരോപണം ശരിവെച്ച് ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി: നടപടി എടുക്കാതെ അധികാരികള്‍
നെടുപുഴ ഗവ. പോളിടെക്‌നിക് ഇന്‍സ്ട്രക്ടര്‍ക്കെതിരെ പീഡനാരോപണം ഉന്നയിച്ചത് 29 വിദ്യാര്‍ത്ഥിനികള്‍
തൃശൂര്‍: നെടുപുഴയിലെ ഗവ.വനിതാ പോളിടെക്‌നിക് കോളജിലെ ഇന്‍സ്ട്രക്ടര്‍ക്ക് എതിരെ കോളേജിലെ 29 വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം. ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ ട്രേഡ് ഇന്‍സ്ട്രക്ടറായ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഭീഷണി മുഴക്കിയെന്നും ബോഡി ഷെയ്മിങ് നടത്തിയെന്നും ഉള്‍പ്പെടെയാണു വിദ്യാര്‍ഥിനികളുടെ പരാതി. കുട്ടികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടും ഇനിയും അധ്യാപകനെതിരെ നടപടിയില്ല.
അധ്യാപകന്‍ ഇലക്ട്രോണിക്‌സ് ലാബിലടക്കം പെണ്‍കുട്ടികളെ ഒറ്റയ്ക്ക് എത്താന്‍ നിര്‍ബന്ധിക്കുകയും മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരാരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പറയുന്നു. കോളജിലെ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി (ഐസിസി) ആരോപണങ്ങള്‍ ശരിവച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ തുടര്‍നടപടിക്ക് ശുപാര്‍ശ ചെയ്തു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കൈമാറിയെങ്കിലും എന്തു നടപടി സ്വീകരിച്ചെന്നു വ്യക്തമല്ല. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിന്റെ പ്രതികരണത്തിനു പലവട്ടം ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജിലെ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിനു ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ: പരാതി നല്‍കിയ 29 വിദ്യാര്‍ഥിനികള്‍ 10 പേര്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരായി മൊഴി നല്‍കി. 3 സ്റ്റാഫ് അംഗങ്ങള്‍ ഭീതിമൂലം മൊഴി നല്‍കാന്‍ വിസമ്മതിച്ചെങ്കിലും വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ ശരിവച്ചു. ഒരുവര്‍ഷം മുന്‍പു വിദ്യാര്‍ഥികളിലൊരാള്‍ അധ്യാപകനില്‍ നിന്നു ശാരീരിക പീഡനശ്രമം നേരിട്ടതായി പറഞ്ഞുവെന്ന് മറ്റൊരു സ്റ്റാഫ് അംഗം വെളിപ്പെടുത്തി.
അധ്യാപകന്‍ ഇലക്ട്രോണിക്‌സ് ലാബില്‍ വിദ്യാര്‍ഥിനികളെ ഒറ്റയ്ക്കു കൂടിക്കാഴ്ചയ്ക്കു നിര്‍ബന്ധിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ മൊഴിനല്‍കി. അധ്യാപകന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കു കൂടുതല്‍ മാര്‍ക്ക് നല്‍കി. അനാവശ്യമായി വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചു.
അധ്യാപകന്റെ മോശം പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്യാനൊരുങ്ങിയ കുട്ടികളെ പരീക്ഷയില്‍ തോല്‍പിക്കുമെന്നു ഭീഷണി മുഴക്കി. ജോലിസ്ഥലത്തെ പീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാണു കമ്മിറ്റിയുടെ ശുപാര്‍ശ. അതേസമയം ഇതു സംബന്ധിച്ചു പരാതി ലഭിച്ചിട്ടില്ലെന്നു നെടുപുഴ പൊലീസ് അറിയിച്ചു.