വിദേശത്തായിരുന്ന സാബിന്‍ നാട്ടിലെത്തിയത് പെരുന്നാള്‍ ആഘോഷിക്കാന്‍; കടന്നല്‍ കൂട്ടം ആക്രമിച്ചത് ഉറ്റ സുഹൃത്തുക്കളുമായി ഊട്ടിയില്‍ പോയി മടങ്ങി വരുന്നതിനിടെ: ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മരിച്ച വടകര സ്വദേശിയുടെ സംസ്‌ക്കാരം ഇന്ന്

കടന്നൽ കുത്തേറ്റ് മരിച്ച സാബിറിന്റെ സംസ്കാരം ഇന്ന്

Update: 2025-04-03 02:57 GMT

വടകര: ഇന്നലെ ഗൂഡല്ലൂരില്‍ വച്ച് കടന്നല്‍ കുത്തേറ്റ് മരിച്ച കോഴിക്കോട് വടകര സ്വദേശി പുതിയോട്ടില്‍ സാബിറിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഗൂഡല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വള്ള്യാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ആണ് സാബിറിന്റെ സംസ്‌കാരം. വിനോദയാത്രക്കിടെ ഊട്ടിയില്‍ നിന്നും ഗൂഡല്ലൂരിലെത്തിയ സംഘത്തെ കടന്നല്‍കൂട്ടം ആക്രമിക്കുക ആയിരുന്നു.

കടന്നല്‍ ആക്രമണത്തില്‍ പരിക്കേറ്റ സാബിറിന്റെ സുഹൃത്തുക്കളായ ആസിഫ്, സിനാന്‍ എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. വിദേശത്ത് ജോലി ചെയ്യുന്ന സാബിര്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലെത്തിയത്. വീട്ടുകാര്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് കഴിഞ്ഞ ദിവസം ആണ് മൂന്ന് പേരും ഊട്ടിയിലേക്ക് യാത്ര തിരിച്ചത്.

ഒരു ദിവസം ഊട്ടിയില്‍ തങ്ങിയ സംഘം ഇന്നലെ ഉച്ചയോടെയാണ് ഗൂഡല്ലൂരിലെത്തിയത്. സൂചി മലയില്‍ നിന്ന് താഴോട്ടിറങ്ങിയ സാബിറിന് ആണ് ആദ്യം കടന്നല്‍ കുത്തേറ്റത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു. അടുത്തടുത്ത വീടുകളിലായി ഒരുമിച്ചു കളിച്ചു പഠിച്ചു വളര്‍ന്നവരായിരുന്നു വിനോദയാത്രപോയ മൂന്ന് പേരും.

സാബിറിനെ കടന്നല്‍ കൂട്ടം പൊതിഞ്ഞപ്പോള്‍ രക്ഷിക്കാന്‍ ആസിഫും സിനാനും ഓടി എത്തിയിരുന്നു. പക്ഷെ രക്ഷിക്കാന്‍ ആയില്ല. ആര്‍ക്കും അടുക്കാന്‍ പറ്റാത്ത വിധത്തില്‍ ആയിരുന്നു കടന്നല്‍ ആക്രമണം. അധികം വൈകാതെ ആശുപത്രിയില്‍ എത്തിച്ചത് കൊണ്ടാണ് ആസിഫിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയതെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്.

സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റന്‍ പാറക്കെട്ടിനു സമീപത്തായി ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു തേനീച്ച ആക്രമിച്ചത്. മലമുകളില്‍ ഉള്ള കൂട്ടില്‍ പരുന്ത് ഇടിച്ചാണ് തേനീച്ച ചിതറിയതെന്നാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഗൂഡല്ലൂരില്‍നിന്നും അഗ്‌നിശമന സേനാ സംഘം എത്തി തീപ്പന്തം കത്തിച്ച് തേനീച്ചകളെ അകറ്റിയാണ് പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്കു മാറ്റിയത്. സാഫിറിന്റെ ശരീരത്തില്‍ തേനീച്ച പൊതിഞ്ഞ നിലയിലായിരുന്നു.

Tags:    

Similar News