സ്വര്‍ണം പൂശിയ വളകള്‍ പണയം വച്ച് തട്ടിയത് 1,86,000 രൂപ; വീണ്ടും പണയം വയ്ക്കാന്‍ എത്തിയതോടെ ജീവനക്കാര്‍ക്ക് സംശയം: പ്രതി അറസ്റ്റില്‍

സ്വര്‍ണം പൂശിയ വളകള്‍ പണയം വച്ച് തട്ടിയത് 1,86,000 രൂപ; മൂന്നാം തവണ പിടിവീണു;

Update: 2025-04-04 03:14 GMT

തൃശൂര്‍: സ്വര്‍ണം പൂശിയ വളകള്‍ പണയം വച്ച് 1,86,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. മാന്ദാമംഗലം മരോട്ടിച്ചാല്‍ സ്വദേശി ബിപിന്‍ ബേബിയാണ് (31) പിടിയിലായത്. തിരൂരിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തൃശൂര്‍ സ്വദേശിയായ പ്രതി പെരുമ്പാവൂരില്‍ നിന്നാണ് സ്വര്‍ണം പൂശിയ വളകള്‍ വാങ്ങിയത്. ഇയാള്‍ ഇത് തിരൂരിലുള്ള സ്ഥാപനത്തില്‍ രണ്ട് ഘട്ടങ്ങളിലായി പണയം വച്ച് പണം വാങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പണയം വയ്ക്കാന്‍ വളയുമായി വീണ്ടും ഇയാള്‍ ഇവിടെ എത്തി. ഇതോടെ ജീവനക്കാര്‍ക്ക് സംശയമായി. ജീവനക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രതി, പണം വാങ്ങിക്കാതെ തിരിച്ചു പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വളകള്‍ സ്വര്‍ണമല്ലെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് സ്ഥാപനത്തിന്റെ മാനേജര്‍ വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിയ്യൂര്‍ പൊലീസിന്റെ നിര്‍ദേശ പ്രകാരം സ്ഥാപനത്തില്‍ വന്നാല്‍ ചെക്ക് തരാം എന്ന് പറഞ്ഞ് പ്രതിയെ സ്ഥാപനത്തിലേക്ക് അതിവിദഗ്ധമായി വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഒല്ലൂര്‍. വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള കേസുകളുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

വിയ്യൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മിഥുന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ന്യുഹ്‌മാന്‍, ജയന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജോമോന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ടോമി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News