എട്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്; മിനിമം മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ ക്ലാസ്

എട്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്; മിനിമം മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ ക്ലാസ്

Update: 2025-04-05 02:37 GMT

മലപ്പുറം: എട്ടാം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷാഫലം ശനിയാഴ്ച സ്‌കൂളുകളില്‍ പ്രസിദ്ധീകരിക്കും. ഓരോ വിഷയത്തിലും 30 ശതമാനം ആണ് മിനിമം മാര്‍ക്ക്. യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ തിങ്കളാഴ്ച സ്‌കൂളില്‍ വിളിച്ചുവരുത്തി അധ്യാപക രക്ഷാകര്‍ത്തൃയോഗം ചേര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ഈ കുട്ടികള്‍ക്ക് എട്ടാംതീയതി മുതല്‍ 24 വരെ പ്രത്യേകം ക്ലാസുകള്‍ നല്‍കും. മാര്‍ക്ക് കുറവുള്ള വിഷയത്തില്‍ മാത്രമാണ് ഈ ക്ലാസ്. ടൈംടേബിള്‍ ക്രമീകരിച്ച് ഓരോ വിഷയത്തിലെയും അധ്യാപകര്‍ ക്ലാസ് നല്‍കണം. 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് അതതു വിഷയങ്ങളില്‍ വീണ്ടും പരീക്ഷനടത്തും. ഈ പരീക്ഷയുടെ ഫലം 30-ന് പ്രസിദ്ധീകരിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികളുണ്ടെങ്കില്‍ അവരെയും ഒന്‍പതിലേക്ക് ക്ലാസ് കയറ്റംനല്‍കാന്‍ തന്നെയാണ് നിര്‍ദേശം.

ഇവര്‍ക്ക് വീണ്ടും രണ്ടാഴ്ച പ്രത്യേകം ക്ലാസ് നല്‍കും. ഒന്‍പതില്‍നിന്ന് ജയിക്കുമ്പോഴെങ്കിലും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രാഥമികപരിജ്ഞാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 80-100 ശതമാനം മാര്‍ക്കുള്ള കുട്ടികള്‍ക്ക് എ ഗ്രേഡ്,60-79 ശതമാനം-ബി ഗ്രേഡ്,59-40 ശതമാനം-സി ഗ്രേഡ്,30-39 ശതമാനം-ഡി ഗ്രേഡ്, 30-ല്‍ താഴെ ഇ ഗ്രേഡ് എന്നിങ്ങനെയാവും എട്ടാം ക്ലാസ്സില്‍ ഗ്രേഡ് നിശ്ചയിക്കുക. മുമ്പും കുട്ടികളുടെ മൂല്യനിര്‍ണയം നടത്തിയിരുന്നെങ്കിലും മാര്‍ക്ക് തീരേ കുറഞ്ഞ കുട്ടികള്‍ക്ക് ഗ്രെയ്സ് മാര്‍ക്ക് നിശ്ചയിച്ച് വിജയിപ്പിക്കുകയാണ് ചെയ്തിരുന്നത്.

അടുത്ത വര്‍ഷംമുതല്‍ കൂടുതല്‍ ക്ലാസുകളിലേക്ക് മിനിമംമാര്‍ക്ക് നിബന്ധന കൊണ്ടുവരാനും അതുവഴി മുഴുവന്‍ കുട്ടികള്‍ക്കും മിനിമം പഠനനിലവാരം ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News