നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുമെന്ന നിലപാട് വിവാദമായി; ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സുനിലിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കി സര്‍ക്കാര്‍

Update: 2025-04-06 06:16 GMT

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുമെന്ന സുനിലിന്റെ നിലപാട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വനംവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സുനിലിന്റെ ഓണററി പദവി റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് വിവാദമായതിന് പിന്നാലെ ഓണററി പദവി റദ്ദാക്കണമെന്ന് വനംവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്കാണ് പകരം പദവി തല്‍ക്കാലത്തേക്ക് കൈമാറിയത്.

ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാനായിരുന്നു ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് കഴിഞ്ഞമാസം തീരുമാനം എടുത്തത്. ജനങ്ങളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്നും നിയമവിരുദ്ധമാണെങ്കിലും എല്ലാ പാര്‍ട്ടികളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ ഈ തീരുമാനം അറിയിച്ചുകൊണ്ട് ഒരു വീഡിയോയും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇതാണ് വിവാദമായത്.

Similar News