കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ത്രിതല സുരക്ഷാ പരിശോധന; വിമാനയാത്രികര്‍ മൂന്നു മണിക്കൂര്‍ മുന്‍പ് എത്തണം

കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ത്രിതല സുരക്ഷാ പരിശോധന

Update: 2025-05-09 03:47 GMT

കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ത്രിതല സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തി. ഇന്ത്യാ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. ദേഹപരിശോധനയും ഐഡി പരിശോധനയും കര്‍ശനമാക്കും. ആയതിനാല്‍ വിമാനയാത്രികര്‍ മൂന്നു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം.

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയില്‍ പരിശോധന ആരംഭിച്ചു. നിലവില്‍ പ്രവേശന സമയത്തും വിമാനത്താവളത്തില്‍ കടന്നതിനു ശേഷവുമുള്ള സുരക്ഷാ പരിശോധനകള്‍ക്കു (സെക്യൂരിറ്റി ചെക്) പുറമേ 'സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് (എസ്എല്‍പിസി)' കൂടിയാണ് ഏര്‍പ്പെടുത്തിയത്. ഇതു പ്രകാരം ബോര്‍ഡിങ് ഗേറ്റിനു സമീപം ഒരിക്കല്‍ കൂടി സുരക്ഷാ പരിശോധന നടത്തും.

യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിന്‍ ബാഗും അടക്കം ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കും. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണം.

Tags:    

Similar News