പിതൃസഹോദരനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം നാടുവിട്ടു; പ്രതി 32 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍: ബന്ധുക്കള്‍ പോലും തിരിച്ചറിയാതിരുന്ന പ്രതിയെ കുടുക്കിയത് പൊലീസിന്റെ രഹസ്യാന്വേഷണം
പിതൃസഹോദരനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം നാടുവിട്ട പ്രതി 32 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
മുണ്ടക്കയം: പതിനെട്ടാം വയസ്സില്‍ പിതൃസഹോദരനെ കുത്തി പരുക്കേല്‍പിച്ച ശേഷം നാടുവിട്ട പ്രതിയെ 32 വര്‍ഷങ്ങള്‍ക്കു ശേഷം പോലിസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ പുനരന്വേഷണം നടത്തിയ പൊലീസ്, പ്രതി സുനില്‍ കുമാറിനെ (50) മൂന്നാറില്‍നിന്ന് അറസ്റ്റ് ചെയ്തു. പൊലീസിന്റെ രഹസ്യ അന്വേഷണ വിഭാഗമാണ് പ്രതിയെ കുടുക്കിയത്. 1993ലാണ് കേസിനാസ്പദമായ സംഭവം. പെരുവന്താനം പഞ്ചായത്തിലെ കോരുത്തോട് മൂഴിക്കലില്‍ പിതൃസഹോദരനായ വിജയനെ കുത്തിപ്പരുക്കേല്‍പിച്ച ശേഷം പ്രതി നാടുവിടുക ആയിരുന്നു.
നാടുവിടുമ്പോള്‍ സുനില്‍ കുമാറിനു 18 വയസ്സ് കഴിഞ്ഞതേയുള്ളൂ. സുനില്‍ ഐടിഐ കോഴ്‌സിനു പഠിക്കുന്ന സമയത്തായിരുന്നു സംഭവം. മുണ്ടക്കയത്തുനിന്നു കുമളിക്ക് വണ്ടി കയറി അവിടെനിന്നു ചെന്നൈയില്‍ എത്തി നാലു വര്‍ഷം പ്രതി താമസിച്ചു. പിന്നീട് മൂന്നാറില്‍ എത്തി എസ്റ്റേറ്റില്‍ ജോലി നേടി അവിടെ നിന്നു തമിഴ് സ്ത്രീയെ വിവാഹം കഴിച്ചു. 20 വയസ്സുള്ള ഒരു മകളുമുണ്ട് പ്രതിക്ക്. ബന്ധുക്കള്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയാതിരുന്ന പ്രതിയെ പോലിസിന്റെ രഹസ്യാന്വേണഷണ വിഭാഗം കുടുക്കുക ആയിരുന്നു.
പഴയ കേസുകള്‍ തീര്‍പ്പാക്കണം എന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലീസ് സുനിലിനെ കുറിച്ച് അന്വേഷണം പുനരാരംഭിച്ചത്. കേസ് വീണ്ടും അന്വേഷിച്ച പൊലീസിന് ഒരു വിവരം ലഭിച്ചു മൂന്നു വര്‍ഷം മുന്‍പ് സുനില്‍ കുമാര്‍ സഹോദരന്റെ വീട്ടില്‍ എത്തിയിരുന്നു എന്ന്. അതു കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. തമിഴ്നാട്ടില്‍ നിന്ന് ഒരിക്കല്‍ മാത്രമാണ് ഇയാള്‍ പിന്നീട് മൂഴിക്കല്‍ ഗ്രാമത്തില്‍ എത്തിയത്. അന്ന് സ്വന്തം സഹോദരന്‍ അല്ലാതെ മറ്റാരും ഇയാളെ തിരിച്ചറിഞ്ഞുമില്ല. എസ്എച്ച്ഒ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍, പൊലീസ് ഓഫിസര്‍മാരായ പി.ഡി.സഞ്ജുമോന്‍, സുധീഷ് എസ്.നായര്‍, നദീര്‍ മുഹമ്മദ് എന്നിവര്‍ പ്രതിയെ കണ്ടെത്താനായി അന്വേഷണം തുടരുകയും മൂന്നാറില്‍ ഇയാള്‍ വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിടിക്കപ്പെടുമെന്ന ഭീതിയിലാണ് കഴിഞ്ഞ 32 വര്‍ഷങ്ങളും സുനില്‍കുമാര്‍ കഴിച്ചു കൂട്ടിയത്. ''ഞാന്‍ പിടിക്കപ്പെടുമെന്ന് അറിയാമായിരുന്നു സാറേ, ഇത്രയും വര്‍ഷം മാനസിക വിഷമവുമായി നടന്ന് ഞാനൊരു ഹൃദ്രോഗിയുമായി'' പൊലീസിനോടു സംഭവം വിവരിക്കുമ്പോള്‍ സുനില്‍ കുമാര്‍ പറഞ്ഞ വാക്കുകളാണിത്. ''മനോദൗര്‍ബല്യമുള്ള പിതാവിനെ സഹോദരങ്ങള്‍ മര്‍ദിക്കുന്നതു പതിവായിരുന്നു. പിതാവ് മരിച്ചിട്ടും ആ വൈരാഗ്യം ഉള്ളില്‍ കിടന്നതുകൊണ്ടാണ് പിതൃസഹോദരനോട് അങ്ങനെ ചെയ്തത്''സുനില്‍ മൊഴി നല്‍കി. അക്കാലത്ത് പിടിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കാവുന്ന കേസായിരുന്നിട്ടു പോലും അത് അറിയാതെ 18ാം വയസ്സില്‍ തോന്നിയ ചിന്തയാണ് നാടുവിടാന്‍ കാരണമായത്. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പൊലീസ് തേടിയെത്തുമെന്ന ഭീതി തനിക്കുണ്ടായിരുന്നെന്നും സുനില്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പിതൃസഹോദരന്‍, കുത്തിപ്പരിക്കേല്‍പ്പിച്ചു, പ്രതി, അറസ്റ്റ്, arrets