എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടന്ന കാര്‍ റോഡരികിലെ ഭിത്തിയിലിടിച്ചു; പരിശോധനയില്‍ കണ്ടെത്തിയത് സ്വര്‍ണാഭരണങ്ങളും പണവും ആയുധങ്ങളും: കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
എക്സൈസ് സംഘത്തെ വെട്ടിച്ചുകടന്ന കാർ റോഡരികിലെ ഭിത്തിയിലിടിച്ചു; ആഭരണങ്ങളും ആയുധങ്ങളും കണ്ടെത്തി
കാസര്‍കോട്: മുള്ളേരിയില്‍ എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടന്ന കാറില്‍നിന്ന് മോഷണവസ്തുക്കളെന്ന് കരുതുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, പണം, ആയുധങ്ങള്‍ എന്നിവ കണ്ടെത്തി. കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. മുള്ളേരിയ വെള്ളിഗയില്‍നിന്നാണ് കാര്‍ പിടിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ആദൂര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ കേരള എക്‌സൈസ് മൊബെല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (കെമു) കര്‍ണാടകയില്‍നിന്ന് വന്ന കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിവേഗത്തില്‍ വന്ന കാര്‍ നിര്‍ത്താതെ മുള്ളേരിയ ഭാഗത്തേക്ക് പോയി. സംശയം തോന്നി എക്‌സൈസ് സംഘം പിന്‍തുടര്‍ന്നപ്പോള്‍ കാര്‍ മുള്ളേരിയ ടൗണില്‍നിന്ന് ബദിയഡുക്ക കെഎസ്ടിപി റോഡിലേക്ക് തിരിച്ചു. ദേലമ്പാടി ബെള്ളിഗെ വളവില്‍ റോഡരികിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ കാര്‍ ഇടിച്ചു. ടയര്‍ പൊട്ടി മുന്നോട്ട് എടുക്കാനാകാതെ വന്നതോടെ കാര്‍ ഉപേക്ഷിച്ച് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.
എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും 140.6 ഗ്രാം സ്വര്‍ണം, 339.2 ഗ്രാം വെള്ളി ആഭരണങ്ങള്‍, ഒരു ലക്ഷത്തിലധികം രൂപ എന്നിവ കണ്ടെത്തി. കാറിനകത്ത് ചുറ്റിക, വാള്, തകര്‍ന്ന പൂട്ട്, ചങ്ങല തുടങ്ങിയവയുമുണ്ടായിരുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ എ.ബി. അബ്ദുള്ള, മുഹമ്മദ് കബീര്‍, രാജേഷ് എന്നിവരാണ് 'കെമു' ടീമില്‍ ഉണ്ടായിരുന്നത്. അതിര്‍ത്തി റോഡ് വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ വേണ്ടി രൂപവത്കരിച്ച പട്രോളിങ് സംഘമാണ് 'കെമു'.
മോഷണ സംഘമെന്ന സംശയത്തില്‍ വാഹനം ആദൂര്‍ പോലീസിന് കൈമാറി. കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പറാണ് കാറിനുള്ളത്. ഇത് വ്യാജമെന്ന് കരുതുന്നു. മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ നമ്പരും അടിയില്‍ ഉണ്ടായിരുന്നു. കളവ് മുതലാണെന്ന സംശയത്തില്‍ കാറും ആഭരണങ്ങളും കണ്ടുകെട്ടിയ ആദൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കര്‍ണാടകയില്‍ നടന്ന മോഷണമാണെന്ന് കരുതുന്നതിനാല്‍ കേസ് വിവരങ്ങള്‍ കര്‍ണാടക പോലീസിനെ അറിയിക്കും.